അടൂരിന്റെ ചിത്രത്തിൽ വീണ്ടും മമ്മൂട്ടി
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി വീണ്ടും നായകൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. വിധേയൻ, അനന്തരം, മതിലുകൾ എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരുമിച്ചത്. സ്വയംവരം മുതൽ പിന്നെയും വരെ അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 12 ഫീച്ചർ സിനിമകൾ പുറത്തിറങ്ങി. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽകുത്ത്, നാലുപെണ്ണുങ്ങൾ,ഒരു പെണ്ണും രണ്ടാണും , പിന്നെയും എന്നിവയാണ് അടൂർ ചിത്രങ്ങൾ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചതാണ് അടൂർ ചിത്രങ്ങൾ. 1993 ൽ വിധേയൻ, പൊന്തൻമാട എന്ന ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡും അതേവർഷം ഈ ചിത്രങ്ങളിലൂടെ തന്നെ തന്നെ സംസ്ഥാന അവാർഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. അതേസമയം, നവാഗതനായ അദ്വൈത് നായർ സംവിധാനം നിർവഹിച്ച ചത്താ പച്ച എന്ന ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ച മമ്മൂട്ടി, മഹേഷ് നാരായണന്റെ പേട്രിയറ്റിന്റെ തുടർ ചിത്രീകരണത്തിൽ ആണ് ഇനി പങ്കെടുക്കുക. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. നവംബർ 27ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ 21 നായികമാരുണ്ട്.നായകൻ വിനായകൻ ആണ്.