കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും.... സ്ഥാനാർത്ഥിയില്ലാത്തത് ഏണിയായി, വൈക്കം തിരിച്ചുനൽകി മുസ്ലിംലീഗ്
കോട്ടയം : ലീഗിന് സീറ്റ് കിട്ടിയോ എന്ന് ചോദിച്ചാൽ കിട്ടി, അവസാന നിമിഷം ലഭിച്ചതാകട്ടെ സ്വാധീനമില്ലാത്ത പട്ടികജാതി സംവരണ സീറ്റായ വൈക്കം. ജില്ലാ പഞ്ചായത്തിലേയ്ക്ക് കാൽനൂറ്റാണ്ടിന് ശേഷം കിട്ടിയ സീറ്റ് മത്സരിക്കാൻ ആളില്ലാത്തതിനാൽ ഒടുവിൽ കോൺഗ്രസിന് തിരികെ കൊടുക്കേണ്ടിയും വന്നു.
സമാന അവസ്ഥയിൽ കേരളകോൺഗ്രസിന്റെ വെള്ളൂർ സീറ്റ് കൂടി ലഭിച്ചതോടെ കോൺഗ്രസിന് ലോട്ടറിയായി. 16 സീറ്റാണ് ലഭിച്ചത്. വൈക്കം സീറ്റ് ലീഗിന് നൽകാൻ ധാരണയായത് ഇന്നലെ ഉച്ചയോടെയാണ്. ഇതിനു ശേഷം സ്ഥാനാർത്ഥിയെ കണ്ടെത്തുക ദുഷ്‌കരമാണെന്ന് മനസിലായതോടെ ലീഗ് അടിയന്തര നേതൃയോഗം ചേർന്നു. അടുത്തതവണ ജയസാദ്ധ്യതയുള്ള ഒരുസീറ്റ് നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് കോൺഗ്രസിന് വിട്ടുകൊടുക്കയായിരുന്നു. അതേസമയം വൈക്കം സീറ്റിന്റെ അവകാശം ലീഗിന് ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണ മത്സരിച്ച വെള്ളൂർ ഇത്തവണ പട്ടികജാതി വനിതാ സംവരണമായതോടെ തുടക്കം മുതൽ വേണ്ടെന്ന നിലപാടിലായിരുന്നു കേരള കോൺഗ്രസ്. സ്ഥാനാർത്ഥി ഇല്ലെന്നതായിരുന്നു കാരണം. വെള്ളൂരിനു പകരമായി ആദ്യം തലനാടിനും , പിന്നീട് തലയാഴത്തിനുമായി വാദിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. ഇതോടെ, വെള്ളൂർ സീറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ സ്ഥാനാർത്ഥിയെ കിട്ടാത്തതിനാൽ കോൺഗ്രസിന് മത്സരിക്കാൻ അനുവാദം നൽകി. ഇരു സീറ്റുകളിലും കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് മത്സരിക്കും. എൽ.ഡി.എഫിന് മേൽക്കൈയുള്ള സീറ്റുകളാണ് ഇവ രണ്ടും.
കോൺഗ്രസ് : 16
കേരള കോൺഗ്രസ് : 7
മെരുക്കിയത് തന്ത്രപരമായി
ജില്ലാ പഞ്ചായത്തിൽ ആദ്യമായി സീറ്റ് ലഭിച്ച സീറ്റ് പ്രയോജനപ്പെടാതെ പോയതിൽ ലീഗിൽ അതൃപ്തിയുണ്ട്. കോണി ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടായാൽ കോൺഗ്രസ് -കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് തന്ത്രപരമായി ലീഗിനെ വെട്ടിയതെന്ന വിമർശനവുമുണ്ട്. ഏറെ സ്വാധീനമുള്ള മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ മികച്ച സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയിച്ച് വരാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് നേതാക്കൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നൽകിയ ഉറപ്പ് പാലിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിൽ അണികളും പ്രതിഷേധത്തിലാണ്.