വിതുര-പമ്പ ബസ് സർവീസ് ഇന്ന് മുതൽ
വിതുര: ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് ഇന്ന് മുതൽ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിക്കും. രാവിലെ 6.10ന് വിതുരയിൽ നിന്നും പുറപ്പെട്ട് തൊളിക്കോട്,നെടുമങ്ങാട്,വെഞ്ഞാറമൂട്,കിളിമാനൂർ,ചടയമംഗലം, ആയൂർ,അഞ്ചൽ,പുനലൂർ,പത്തനാപുരം,കോന്നി,പത്തനംതിട്ട,വടശേരിക്കര,പ്ലാപ്പള്ളി വഴി 11.40ന് പമ്പയിലെത്തും. തിരിച്ച് ഉച്ചക്ക് 12.10ന് പത്തനംതിട്ട,പുനലൂർ,ആയൂർ,തിരുവനന്തപുരം വഴി വിതുരയിലെത്തും. തൊളിക്കോട്,വിതുര മേഖലയിലെ അയ്യപ്പഭക്തരുടെ യാത്രാസൗകര്യം പരിഗണിച്ച് വിതുര ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി കഴിഞ്ഞയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബസിന്റെ അഭാവത്തിൽ അയ്യപ്പഭക്തർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു.
നേരത്തേ വിതുരയിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തിയിരുന്നപ്പോൾ മികച്ച കലക്ഷനും ലഭിച്ചിരുന്നു. മാത്രമല്ല പമ്പ സർവീസ് വിതുര, തൊളിക്കോട് മേഖലയിലെ അയ്യപ്പഭക്തർമാർക്ക് ഏറെ അനുഗ്രഹവുമായിരുന്നു. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടിസി അടിയന്തരനടപടികൾ സ്വീകരിക്കുകയായിരുന്നു. സർവീസ് ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ച വിതുര ഡിപ്പോക്ക് അയ്യപ്പസേവാസംഘം നന്ദിരേഖപ്പെടുത്തി. പമ്പ സർവീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 6ന് നടക്കും.