ഇന്ത്യൻ സംസ്കാരം ലോകത്തിന് വെളിച്ചം

Wednesday 19 November 2025 12:35 AM IST

സാങ്കേതിക വളർച്ചയുടെ ഭ്രാന്തമായ മുന്നേറ്റങ്ങൾക്കും പരസ്പര ആശ്രിതത്വത്തിന്റെ വികാസത്തിനും ഇടയിലും മനുഷ്യവംശം മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും ദിശ തെറ്റിയ വഴികളിൽ ഇപ്പോഴും വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഗാസ മുതൽ യുക്രെയിൻ വരെ ഇത് നമ്മോടു പറയുന്നുണ്ട്. സങ്കുചിത കാഴ്ചപ്പാടുകൾക്കൊണ്ടും വിഭജന യുക്തിയിലധിഷ്ഠിതമായ രാഷ്ട്രീയ വൈര്യങ്ങൾക്കൊണ്ടുമെല്ലാം സഹനത്തിന്റെയും അനുകമ്പയുടെയും മേഖലകൾ ഇന്ന് സംഘർഷഭരിതമാണ്. മതങ്ങൾ സൃഷ്ടിക്കുന്നതല്ല ഇന്ന് ലോകത്തിന്റെ പ്രതിസന്ധി മറിച്ച് ആത്മീയതയുടെ ശോഷണമാണ്. പരസ്പരം മനസിലാക്കുന്നതിലെ വീഴ്ചകളാണ് പ്രശ്നം. അതുകൊണ്ട് ഏതെങ്കിലുമൊരു വിശ്വാസം മറ്റൊന്നിന്റെ മേൽ ആധിപത്യം സ്ഥാപിക്കുകയല്ല വേണ്ടത്,​ എല്ലാ വിശ്വാസങ്ങളുടേയും സംയോജിതമായ സമന്വയമാണ് അനിവാര്യം. ഇത്തരം ധാർമ്മികവും ദാർശനികവുമായ സത്തയാണ് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്നത്.

ആഗോള പരിസരം ആഗോളതലത്തിൽ ഇന്ന് വിശ്വാസങ്ങളുടെ തകർച്ചയും ചിതറിത്തെറിക്കലുമാണ് കാണുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഐക്യത്തിന്റെയും യോജിപ്പിന്റെയും സാദ്ധ്യതകൾ സമ്മാനിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വിഭജനങ്ങൾ തലപൊക്കുകയാണ്. തീവ്രവാദികളും രാഷ്ട്രീയക്കാരും മതത്തെ സ്വന്തം ആവശ്യങ്ങൾക്കായി ചൂഷണം ചെയ്ത് സമൂഹത്തെ ഭിന്നിപ്പിക്കുന്നു. സമാധാനത്തിനായി നടത്തുന്ന ഏതു ധാർമിക പ്രബോധനത്തെക്കാളും വേഗത്തിൽ ഡിജിറ്റൽ വിഭജനം മനുഷ്യരാശിയിൽ വിദ്വേഷം സൃഷ്ടിക്കുന്നു. ഇത് വിശ്വാസത്തിന്റെ കുഴപ്പമായി കാണേണ്ടതില്ല മറിച്ച് വിശ്വാസത്തിന്റെ ആത്യന്തിക സത്ത ഉൾക്കൊള്ളാത്തതാണ് പ്രശ്നം.

ഹിന്ദു-ഇസ്ലാം- ക്രൈസ്തവ- സിക്ക്- ജൈന മതങ്ങളൊക്കെ രൂപം കൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനായിരുന്നില്ല. എല്ലാ മത സംഹിതകളും അനുകമ്പയുടെയും എളിമയുടെയും സേവനത്തിന്റെയും സന്ദേശങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇന്നത്തെ വലിയ വെല്ലുവിളി ദൈവശാസ്ത്രപരമായ വിയോജിപ്പുകളല്ല. പരസ്പരം സംവാദത്തിന്റെ സാദ്ധ്യതകളില്ലാതായതാണ്. ഹിന്ദു-ഇസ്ലാം ക്രിസ്ത്യൻ വിശ്വാസങ്ങളുണ്ടാക്കുന്നതല്ല ഇന്നു മനുഷ്യവംശം നേരിടുന്ന വെല്ലുവിളി. ദാരിദ്ര്യവും കുടിയേറ്റവും യുദ്ധവുമൊക്കെ മനുഷ്യാവസ്ഥയെ വല്ലാതെ മാറ്റുകയാണ്. ഈ ഘട്ടത്തിൽ പുതിയൊരു സംസ്കാര സമന്വയമാണ് വേണ്ടത്. നമ്മുടെ പോയ കാല സംസ്കാരത്തിന്റെ മുഖമുദ്ര അതായിരുന്നു.- ആത്മീയമായ സഹവർത്തിത്വത്തിന് ഇന്ത്യയ്ക്ക് ആയിരത്താണ്ടുകളുടെ ചരിത്രമുണ്ട്. 'ഏകം സത് വിപ്ര ബഹുത വദന്തി"-സത്യം ഒന്നാണ് എന്ന സിദ്ധാന്തം ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പങ്ങൾക്കും മുമ്പേയുള്ളതാണ്.

ഇന്ത്യൻ സംസ്കാരം യോജിപ്പിന്റെ ഇഴകൾക്കൊണ്ട്

ബുദ്ധനും മഹാവീരനും അഹിംസയും അനുകമ്പയും നമുക്കു തന്നു. ഭക്തി പ്രസ്ഥാനവും സൂഫി പാരമ്പര്യവും നമുക്കുണ്ട്. അമീർ ഖുസ്രുവിന്റെയും കബീറിന്റെയും ബാലെ ഷായുടെയും കവിതകൾ നമ്മുടെ പാരമ്പര്യത്തിന്റെ മഹിമയാണ്. തുല്യതയെപ്പറ്റി പറഞ്ഞ ഗുരു നാനാക്ക് നമുക്കുണ്ട്. ദർഗയും അമ്പലവും ഗുരുദ്വാരയും പള്ളിയും നമ്മുടെ നാട്ടിൽ തൊട്ടുരുമ്മിയെന്നവണ്ണം നിലകൊള്ളുന്നു. ആത്മീയമായ ബഹുസ്വരത നമ്മുടെ പാരമ്പര്യത്തിന്റെ ശക്തിയാണ്. വാരണാസിയിൽ ഗംഗാ ആരതി ആസാനുമായി ഒരുമിക്കുന്നു. കേരളത്തിൽ വിവിധ മതക്ഷേത്രങ്ങളിൽ ഒരുപോലെ ഉത്സവാഘോഷം നടക്കുന്നു. അജ്മീർ ഷെരീഫിൽ ആളുകൾ നമസ്കരിക്കുന്നത് ഹിന്ദുവും മുസ്ലീമും ആയല്ല, മനുഷ്യരായാണ്. അതുകൊണ്ട് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഇന്ത്യ ആഗോള ബഹുസ്വരതയുടെ കേന്ദ്ര ബിന്ദുവാണ്. ഇന്ത്യയുടെ 'വസു ദൈവ കുടുംബകം' സങ്കൽപ്പം മറ്റേത് ഉച്ചകോടി സങ്കൽപ്പങ്ങൾക്കും മേലെയാണ്.

ഇന്ത്യയുടെ നേതൃത്വം

നയതന്ത്രത്തിലല്ല, അദ്ധ്യാത്മികത്തിൽ ആഗോളസമൂഹം നയതന്ത്ര കാര്യങ്ങൾ പറയുമ്പോൾ ഇന്ത്യ പങ്കുവയ്ക്കലിന്റെ സംസ്കാരത്തെപ്പറ്റിയാണ് പറയുന്നത്. ഇതാകട്ടെ, മദ്ധ്യപൂർവ ദേശങ്ങളിലൊക്കെ പറയുന്നതിനേക്കാളും ആഴത്തിലുള്ളതുമാണ്. അതുകൊണ്ട് പ്രതിസന്ധി രാഷ്ട്രീയത്തിന്റേതല്ല. ധാർമിക വിശ്വാസം ഊട്ടിയുറപ്പിക്കുകയും പരസ്പര സംവാദം വികസിപ്പിക്കുകയുമാണ് വേണ്ടത്. പണ്ഡിറ്റുകളും പുരോഹിതന്മാരും സന്യാസിമാരും ഒരുമിച്ചു നിൽക്കുന്നത് ഏതൊരു രാഷ്ട്രീയ ഉച്ചകോടിയേക്കാളും സാർത്ഥകമാകും.

ആഗോള ധാർമിക ഐക്യം ഒരു വിശ്വാസമല്ല അഭികാമ്യം. ഒറ്റ മനുഷ്യവംശവും ഒറ്റ മാനവികതയുമാണ് വേണ്ടത്. മുഹമ്മദിന്റെ കാര്യണ്യവും, ക്രിസ്തുവിന്റെ സ്നേഹവും ബുദ്ധന്റെ അനുകമ്പയും ഗുരുനാനാക്കിന്റെ തുല്യതയും ഇന്ത്യയുടെ 'വസുദൈവ കുടുംബകവും" ഒരേ ബിന്ദുവിൽ ലയിക്കുന്ന ലോകമാണ് വേണ്ടത്. ഇതിന് നേതൃത്വം നൽകാൻ ഇന്ത്യക്കു കഴിയും. ഇരുപതാം നൂറ്റാണ്ട് രാഷ്ട്രീയ വിപ്ലവങ്ങളുടേതായിരുന്നുവെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് അനുകമ്പയുടെയും ചേർത്തുപിടിക്കലിന്റെയും ധാർമിക ബലത്തിന്റെയും വിപ്ലവം കൊണ്ട് ധന്യമാകണം. അതുകൊണ്ട് എല്ലാ കോണുകളിൽ നിന്നും ഉന്നതമായ ചിന്തകൾ ഉയരട്ടെ. നാം എത്ര കണ്ടു സത്യസന്ധമായി ജീവിക്കുന്നു എന്നതിലാണ് മനുഷ്യ വംശത്തിന്റെ ഭാവി.