ബലമായി ചുംബിക്കാൻ ശ്രമിച്ചു; വിവാഹിതനായ മുൻകാമുകന്റെ നാവ് കടിച്ചുമുറിച്ച് യുവതി

Tuesday 18 November 2025 8:47 PM IST

കാൺപൂർ: ബലമായി ചുംബിക്കാൻ ശ്രമിച്ച മുൻകാമുകന്റെ നാവ് യുവതി കടിച്ചുമുറിച്ചു. യുവാവിന്റെ നാവിന്റെ ഒരു ഭാഗം മുറിഞ്ഞുപോയി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. യുവതിയെ നിരന്തരം ശല്യംചെയ്‌തിരുന്ന യുവാവ് ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാനായി ഇവർ നാവ് കടിച്ചെടുത്തത്.

35കാരനായ ചംപി എന്ന യുവാവിന്റെ നാവിനാണ് ഗുരുതരമായി പരിക്കേറ്റത്. വിവാഹിതനായ ഇയാളുമായി യുവതി പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.വീട്ടുകാരുടെ സമ്മതത്തോടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്‌തിരുന്നു. വിവാഹം നിശ്ചയം കഴിഞ്ഞതോടെ ചംപിയുമായുള്ള എല്ലാ ആശയവിനിമയവും യുവതി അവസാനിപ്പിച്ചിരുന്നു. എന്നാൽ അത് അംഗീകരിക്കാതിരുന്ന യുവാവ് നിരന്തരം യുവതിയെ ശല്യം ചെയ്യുകയായിരുന്നു.

സംഭവദിവസം വീടിനടുത്തുള്ള കുളത്തിനരികിലേക്ക് യുവതി ഒറ്റ‌യ്ക്ക് പോയിരുന്നു. ചംപി യുവതിയെ പിന്തുടർന്ന് കുളത്തിന്റെ പരിസരത്ത് എത്തുകയായിരുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളുടെ നാവ് കടിച്ചെടുത്തതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കടിയുടെ ശക്തിയിൽ നാവിന്റെ ഒരു ഭാഗം വേർപെട്ടു പോയി.

ചംപിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവതിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്. പരിക്കേറ്റ ചംപിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗദ്ധചികിത്സയ്‌ക്കായി ഇയാളെ കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് ത്രിപാഠി പ്രതികരിച്ചു.