എക്‌സ്, ചാറ്റ് ജിപിടി സേവനം പൂർണമായി തടസപ്പെട്ടു, നെട്ടോട്ടമോടി ഉപയോക്താക്കൾ

Tuesday 18 November 2025 8:51 PM IST

ന്യൂഡൽഹി: എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെയടക്കം നിരവധി വെബ്സൈറ്റുകളുടെയും പ്രവർത്തനം ലോകവ്യാപകമായി തടസപ്പെട്ടു. നാലുമണിക്കൂറായി പ്രശ്നം പരിഹരിക്കാനായിട്ടില്ല. ക്ലൗഡ്ഫെയറിന്റെ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന നിരവധി വെബ്സൈറ്റുകൾക്കുമാണ് സമാനമായ പ്രശ്നം നേരിട്ടത്.

ഡൗണ്‍ ഡിറ്റക്ടറിന്റെ കണക്ക് അനുസരിച്ച് ആമസോണ്‍ വെബ് സര്‍വീസസ്, ഓപ്പണ്‍ എഐ, ക്ലൗഡ്‌ഫളെയര്‍ ഉള്‍പ്പടെയുള്ള സേവനങ്ങൾക്കാണ് തടസം നേരിട്ടത്. വൈകുന്നേരം 5.20നാണ് പതിനായിരത്തിലധികം ഉപയോക്താക്കൾ തകരാർ റിപ്പോർട്ട് ചെയ്തത്.ഫീഡ്, ലോഗിൻ ചെയ്യുന്നതിനുള്ള തടസം, സെർവർ കണക്ഷൻ എന്നിവയായിരുന്നു പ്രശ്നങ്ങൾ. എക്‌സ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 'സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ്' എന്ന സന്ദേശമാണ് കാണിച്ചിരുന്നത്.ഈ പ്രശ്നം പൂർണമായും പരിഹരിക്കാനുളള ശ്രമത്തിലാണെന്ന് ക്ലൗഡ്ഫെയർ വ്യക്തമാക്കി.

എന്നാൽ പ്രശ്നത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തിയിട്ടില്ല. ആഴ്ചകൾക്ക് മുമ്പ് ആമസോൺ ക്ലൗഡ് സര്‍വീസസിലെ തകരാര്‍ കാരണം കമ്പനിയുടെ ക്ലൗഡ് സെര്‍വര്‍ സേവനങ്ങളെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളെല്ലാം പ്രവര്‍ത്തന രഹിതമായിരുന്നു. ശക്തമായ സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്നായിരുന്നു അന്ന് എലോൺ മസ്ക് പ്രതികരിച്ചത്. ഇന്നും അതാണോ സംഭവിച്ചത് എന്ന് വ്യക്തമല്ല.