സ്വന്തമായി ഓടക്കുഴലുണ്ടാക്കി ഒന്നാമനായി ശ്രീഗോവിന്ദ്

Wednesday 19 November 2025 12:16 AM IST
ശ്രീഗോവിന്ദ്

കണ്ണൂർ: സ്വന്തമായി ഓടക്കുഴൽ ഉണ്ടാക്കി വായിച്ചു പഠിച്ച ശ്രീഗോവിന്ദ് കലോത്സവ വേദിയിൽ നിന്നും മടങ്ങുന്നത്‌ ഒന്നാം സ്ഥാനവുമായി. ഹൈസ്കൂൾ വിഭാഗം ഓടക്കുഴൽ മത്സരത്തിലാണ് ഇത്തവണയും ശ്രീഗോവിന്ദ് ഒന്നാമൻ. പേരാവൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ തവണയും ഓടക്കുഴൽ മത്സരത്തിൽ ശ്രീഗോവിന്ദിന് തന്നെയായിരുന്നു ഒന്നാംസ്ഥാനം. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.

കോവിഡ് സമയത്തായിരുന്നു ഓടക്കുഴൽ വായനയോട് താത്പര്യം തുടങ്ങിയത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഓട മുറിച്ച് സ്വന്തമായി വായിക്കാൻ തുടങ്ങുകയായിരുന്നു. ഓടക്കുഴൽ വാദ്യത്തിൽ മകന് ഏറെ താല്പര്യമുണ്ടെന്ന് മനസിലാക്കിയ രക്ഷിതാക്കൾ പിന്നീട് പരിശീലനത്തിന് ചേർത്തു. കാക്കയങ്ങാട്ടെ പത്മനാഭനാണ് ഗുരു. സുനിതയുടെയും വിജയ കുമാറിന്റെയും രണ്ടാമത്തെ മകനാണ് ശ്രീഗോവിന്ദ്. സഹോദരൻ ആദർശ് കാര്യവട്ടത്തെ കോളേജിൽ പി.ജി വിദ്യാർത്ഥിയാണ്.