തണുപ്പ് മാറ്റാൻ മുറിയിൽ മരക്കരി കത്തിച്ചു, വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Tuesday 18 November 2025 9:36 PM IST

ബംഗളൂരൂ: കർണാടകയിലെ ബെലഗാവിയിൽ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.

ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു സംഘം. കടുത്ത തണുപ്പിൽ നിന്ന് രക്ഷനേടാനായി മുറിയിൽ മരക്കരി കത്തിക്കുകയായിരുന്നു ഇവർ. ജനലുകളും വാതിലുകളും അടച്ച ശേഷം യുവാക്കൾ ഉറങ്ങാൻ പോവുകയായിരുന്നു. എന്നാൽ തീ അണയുകയും മുറി പുക കൊണ്ട് നിറയുകയുമായിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം. മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസിനെ (19) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മുറിയിൽ നിന്ന് കരിയുടെയും ചാരത്തിന്റെയും സാമ്പിളുകൾ പൊലീസ് ശേഖരിച്ചു. സ്ഥലം എംഎൽഎ ആസിഫ് സെയ്ത് സംഭവസ്ഥലം സന്ദർശിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.