കൊടിയേറി കലാമാമാങ്കം

Wednesday 19 November 2025 12:04 AM IST
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി ആൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ എസ്. ധ്രുപദ് (രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്, മൊകേരി)

കണ്ണൂർ: തിരഞ്ഞെടുപ്പ് ആവേശത്തോടൊപ്പം ജില്ലയിൽ കൗമാര കലാമാമാങ്കവും കൊടിയേറി. ഇനി നഗരത്തിൽ കലയുടെ നാല് ദിന രാത്രങ്ങൾ. ഇന്നലെ പ്രധാന വേദിയായ മുൻസിപ്പൽ എച്ച്.എസ്.എസിൽ ഭരതനാട്യവും കളക്ടറേറ്റ് മൈതാനിയിൽ പൂരക്കളിയും സെന്റ് മൈക്കിൾസ് മൈതാനത്ത് ബാൻഡ് മേളവും, ട്രെയിനിംഗ് സ്‌കൂളിൽ അറബനമുട്ടും ആവേശം പക‌ർന്നു. ആദ്യ ദിനത്തിൽ പ്രധാന വേദിയിൽ ഒഴികെയുള്ള വേദികളിൽ കാണികൾ കുറവായിരുന്നു. ഭാരതനാട്യ വേദിയായ മുൻസിപ്പൽ സ്കൂൾ സ്റ്റേജിൽ നിറഞ്ഞ സദസായിരുന്നു. ജില്ലയിലെ 15 സബ്ബ് ജില്ലകളിൽ നിന്ന് 319 ഇനങ്ങളിലായി 9000ൽ അധികം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. 16 വേദികളിലായാണ് മത്സരം.

ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം നാലിന് മുനിസിപ്പൽ എച്ച്.എസ്.എസിൽ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യും.

ഇന്ന് വേദി ഒന്നിൽ (മുനിസിപ്പൽ എച്ച്.എസ്.എസ്) നാടോടിനൃത്തം, രണ്ടിൽ (കളക്ടറേറ്റ് മൈതാനം) ഒപ്പന, മൂന്നിൽ (ടൗൺ സ്‌ക്വയർ), ഭരതനാട്യം, കുച്ചുപ്പുടി, നാലിൽ(ടൗൺ ബാങ്ക് ഓഡിറ്റോറിയം), ഖുർ ആൻ പാരായണം, മുശാ അറ, അഞ്ചിൽ (തളാപ്പ് മിക്സഡ് യു.പി സ്‌കൂൾ) ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ആറിൽ (ടൗൺ എച്ച്.എസ്.എസ്) യു.പി സ്‌കൂൾ നാടകം, ഏഴിൽ (സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് ഹാൾ) കഥാപ്രസംഗം, എട്ടിൽ(സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് ഓഡിറ്റോറിയം), മോഹിനിയാട്ടം, ഒൻപതിൽ (ജി.വി.എച്ച്.എസ്.എസ് പയ്യാമ്പലം), ലളിതഗാനം, പത്തിൽ (ട്രെയിനിംഗ് സ്‌കൂൾ ഗ്രൗണ്ട്) ചെണ്ട/തായമ്പക, ചെണ്ടമേളം, 11ൽ (ശിക്ഷക് സദൻ ഓഡിറ്റോറിയം), അക്ഷരശ്ലോകം, കാവ്യകേളി, 12ൽ (ശിക്ഷക് സദൻ മിനി ഹാൾ), അഷ്ടപദി, സംസ്‌കൃതം പദ്യംചൊല്ലൽ, 13ൽ (ബി.ആർ.സി ഹാൾ ഒന്നാംനില), ഉറുദു പദ്യംചൊല്ലൽ, അറബിക് പ്രസംഗം, 15ൽ (പൊലീസ് മൈതാനം) ഹൈസ്‌ക്കൂൾ നാടകം എന്നിവ നടക്കും.