നായ മുതൽ സമ്മർദ്ദം വരെ, സഹികെട്ട് ബി.എൽ.ഒമാർ

Wednesday 19 November 2025 2:01 AM IST

ആലപ്പുഴ: നടവഴിയില്ല, ഇരുട്ടുവീണ മുറ്റത്ത് ലൈറ്റിട്ട് തരാൻ പോലും

മനസുകാണിക്കാത്ത വീട്ടുകാർ. കളക്ടറേറ്റിലെയും വില്ലേജ് ഓഫീസിലെയും ഉദ്യോഗസ്ഥരുടെ ഫോൺ വഴിയുള്ള സമ്മർ‌ദ്ദം വേറെ. ക്ഷമയോടെ ജോലി ചെയ്തു തീർക്കാനുള്ള സാവകാശമെങ്കിലും തന്നുകൂടേ.... ചോദിക്കുന്നത് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ എസ്.ഐ.ആർ ഫോമുമായി ഇറങ്ങിയ ബി.എൽ.ഒമാരാണ്.

ഫീൽഡിൽ ഞങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മേലധികാരികൾക്ക് അറിയില്ല. ഇഴ‌ന്തുക്കൾ

നിറഞ്ഞ പ്രദേശത്തും വെള്ളക്കെട്ടിലും അകപ്പെട്ട് പല ദിവസങ്ങളിലും മടങ്ങി വരാൻ വഴിയറിയാതെ പകച്ചു നിന്നിട്ടുണ്ടെന്നാണ് ഒരു വനിതാ ബി.എൽ.ഒയുടെ വെളിപ്പെടുത്തൽ.

യാതൊരു വിധത്തിലും വിഷമകരമാകില്ല ജോലി എന്നാണ് മേലധികാരികൾ

പരിശീലന സമയത്ത് ബി.എൽ.ഒമാർക്ക് നൽകിയ ഉറപ്പ്. ദിവസം അമ്പത് ഫോമുകൾ വിതരണം ചെയ്താൽ മതിയെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ജോലി തുടങ്ങിയതോടെ കളം മാറി.

വീട്ടുകാരുടെ സഹകരണമില്ലായ്മ, ഫോം പൂരിപ്പിച്ച് നൽകുന്നതിലെ കാലതാമസം, എസ്.ഐ.ആറിനോടുള്ള വിയോജിപ്പ്, കുറഞ്ഞ സമയം കൂടുതൽ ഗാർഗറ്റ്,

അനാവശ്യം ധൃതിയും അമിത സമ്മർദ്ദവും എന്നിവയാണ് ബി.എൽ.ഒമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

പഴി വേറെ കേൾക്കണം

കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ അധികവും കൃഷിപ്പണിക്കാരാണ്. രാവിലെ എട്ട് മണിക്ക് മുമ്പ് വീട്ടിൽ നിന്നിറങ്ങുന്നവരെ തേടിപ്പിടിച്ച് ഫോം കൈമാറുന്നത് ചില്ലറപ്പണിയല്ല.വഴി തപ്പിപ്പിടിച്ച് എത്തുമ്പോൾ അവർ വീടും പൂട്ടി ജോലിക്ക് പോയിട്ടുണ്ടാവും. 2002ലെ വോട്ടർ പട്ടികയിലുള്ള പലരും വീടുമാറി പോയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് തന്നെ നല്ല സമയം വേണ്ടിവരും. പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയാലും തിരികെയെത്താൻ പാതിരാത്രി കഴിയും. ഇതിനിടെ ചിലപ്പോൾ ഭക്ഷണം പോലും മുടങ്ങും. ചില വീടുകളിലെത്തുമ്പോൾ തങ്ങളുടെ പൗരത്വം ഇല്ലാതാക്കാനെത്തിയവരെന്ന പഴി വേറെ. സ്ഥാനാർത്ഥിയാണെന്ന് കരുതി കാണുമ്പോൾ തന്നെ വോട്ട് ചെയ്തേക്കാമെന്ന് ഉറപ്പ് നൽകുന്നവരുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷം നേരിട്ട പരാധീനതകൾ എണ്ണിപ്പറയുന്നവരും കുറവല്ലെന്ന് ബി.എൽ.ഒമാർ പറയുന്നു.

പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ മേലധികാരികൾ അമിത സമ്മർദ്ദത്തിന് ഇരയാക്കുമ്പോൾ ആകെ തകരുകയാണ്

- ജില്ലയിലെ ഒരു ബി.എൽ.ഒ