തുറവൂർ -അരൂർ ഉയരപ്പാതയിൽ സുരക്ഷാ ഓഡിറ്റിന് തുടക്കം

Wednesday 19 November 2025 2:01 AM IST

തുറവൂർ : അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗാർഡറുകൾ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചതിനെത്തുടർന്ന് ദേശീയ ഏജൻസിയായ റൈറ്റ്സ് കമ്പനി പാതയുടെ സുരക്ഷാ ഓഡിറ്റിംഗ് ആരംഭിച്ചു. കഴിഞ്ഞ 5ന് പുലർച്ചെയാണ് പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. ജാക്കി തെന്നി മാറിയാണ് ഗർഡർ പതിച്ചതെന്നായിരുന്നുആദ്യ വിശദീകരണം.

ഉയരപ്പാത നിർമ്മാണ മേഖലയിൽ വ്യത്യസ്ത അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 43ആയതോടെയാണ് ദേശീയ ഏജൻസി രണ്ടു ദിവസത്തെ ഓഡിറ്റിംഗ് നടത്തുന്നത്. ഓഡിറ്റ് റിപ്പോർട്ട് എതിരാവുകയാണെങ്കിൽ നിർമ്മാണ കമ്പനിയായ അശോക ബിൽഡ്‌ കോൺ കരിമ്പട്ടികയിൽപ്പെടാനും സാദ്ധ്യതയുണ്ട്. 2026 ജൂലായ് മാസത്തിൽ പൂർത്തിയാക്കേണ്ടതിനാൽ കമ്പനിക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകില്ലെന്നും പറയപ്പെടുന്നു.

അപകടം സംഭവിച്ചവരുടെ കുടുംബാംഗങ്ങൾക്കെല്ലാവർക്കും സാമ്പത്തിക സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ടും നിർമ്മാണ സമയത്തുള്ള സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാണിച്ചും അപകട സംബന്ധമായ കേസുകളിലെ എഫ്.ഐ.ആറിലെ അപാകതകൾ ചൂണ്ടിക്കാണിച്ചും അരൂർ -തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത വിഭാഗത്തിനും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി.

ഗതാഗത സുരക്ഷ ഉറപ്പാക്കി നിർമ്മാണം നടത്തണമെന്ന കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഇന്നും നടപ്പായില്ല.ഗതാഗതം തിരിച്ചു വിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം പൂർത്തീകരിക്കാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. ഇതിന്റെ ഭാഗമായി തുറവൂരിൽ നിന്ന് പടിഞ്ഞാറ് വശം റോഡിൽ ടൈലുകൾ പാകുന്ന ജോലി ആരംഭിച്ചു. റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും റോഡ് കോൺക്രീറ്റ് ചെയ്ത് പുനർനിർമ്മിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി.