റെയിൽവേ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി

Wednesday 19 November 2025 1:27 AM IST

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ഇന്നലെ രാവിലെ 10.30നാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ അറ്റ് കിടക്കുന്ന നിലയിൽ ഇടതുകാൽ കണ്ടത്. രണ്ടുദിവസത്തെ പഴക്കമുണ്ട്​. എറണാകുളത്തുനിന്ന്​ ആലപ്പുഴയിലേക്കെത്തിയ മെ​മുട്രെയിൻ ട്രാക്കിൽ നിന്ന്​ യാർഡിലേക്ക്​ മാറ്റിയപ്പോഴാണ്​ മുട്ടിന്​ താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്​.

ട്രെയിനിന്​ മുന്നിൽ ആരെങ്കിലും ചാടിയപ്പോൾ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതാകാമെന്നാണ് ​ റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്​ പൂർത്തിയാക്കി മൃതദേഹാവശിഷ്ടം ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക്​ മാറ്റി. എറണാകുളത്തുനിന്ന്​ ആലപ്പുഴയി​ലേക്ക്​ എത്തിയ മെമു വിവിധ സ്ഥലങ്ങളിൽ സർവീസ്​ നടത്തുന്നുണ്ട്​. ആലപ്പുഴയിൽ നിന്ന്​ കൊല്ലം, ​കൊല്ലം-കോട്ടയം, കോട്ടയം-ഷെർണൂർ,​ ഷെർണൂർ-എറണാകുളം എന്നിങ്ങനെയാണ്​ സർവീസുള്ളത്​. വിവിധ സ്​റ്റേഷനുകളിൽ വിവരം കൈമാറി.