വഴിയിൽ കളഞ്ഞ പൂച്ചകൾക്ക് വീട്ടിൽ ഇടമൊരുക്കി ജയൻ

Wednesday 19 November 2025 1:34 AM IST
പൂച്ചകൾക്കൊപ്പം ജയൻ

അമ്പലപ്പുഴ: വഴിയിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾക്ക് വീട്ടിൽ സുരക്ഷിത താവളമൊരുക്കി യുവാവ്.പുന്നപ്ര തെക്ക് പഞ്ചായത്ത് ഗുരുപാദം ഇരുപത്തിയഞ്ചിൽ ജയനാണ് അനാഥരായ പൂച്ചകൾക്ക് കഴിയാൻ സ്വന്തം വീട്ടിൽ ഇടമൊരുക്കിയത്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മയും കുഞ്ഞുങ്ങളും ഉൾപ്പെടെ 15 ഓളം പൂച്ചകളുണ്ട് ജയന്റെ വീട്ടിൽ. ഇവർക്ക് പ്രത്യേകം കൂടുകളും ഒരുക്കിയിട്ടുണ്ട്.

ഇതിനെല്ലാം കൂട്ടായി ആലപ്പുഴ അർബൻ ബാങ്ക് ജീവനക്കാരിയായ ഭാര്യ റെയ്ച്ചലും മകൾ അലീനയും മകൻ അജിത്തും അമ്മ തങ്കമ്മയും ഒപ്പമുണ്ട്. പുലർച്ചെ അഞ്ചിന് പൂച്ചകൾ കിടക്കുന്നിടം വൃത്തിയാക്കുന്നതോടെയാണ് റെയ്ച്ചലിന്റെയും അലീനയുടെയും ജോലികൾ ആരംഭിക്കുന്നത്. അതിനുശേഷമാണ് അടുക്കള ജോലിയിലേക്ക് കടക്കുന്നത്.കുഞ്ഞ് പൂച്ചകളുടെ കളികളും വലിയ പൂച്ചകളുടെ ഉരുമലും തലോടലുമെല്ലാം കണ്ടിരിക്കാൻ നല്ല രസമാണെന്നും ജയൻ പറയുന്നു.

പൂച്ചകൾ മാത്രമല്ല തെരുവിൽ ഉപേക്ഷിച്ചതും അപകടത്തിൽ പരിക്കേറ്റ നായ്ക്കളെയും വീട്ടിൽ കൊണ്ടുവന്ന് ജയൻ പരിപാലിക്കാറുണ്ട്. ഇവർക്ക് ചികിത്സക്കായി നല്ലൊരു തുക പലപ്പോഴും വേണ്ടിവരാറുണ്ടെന്നും അദ്ദേഹം പറയുന്നു.

4 കിലോ അരിയുടെ

ചോറ്,​ മീൻകറി മസ്റ്റ്

പൊതുപ്രവർത്തകനായ ജയന്റെ വാഹനത്തിന്റെ ശബ്ദം കേട്ടാൽ പൂച്ചകൾ ഓടിയെത്തും. പൂച്ചകൾക്ക് ഒരു ദിവസം നാലുകിലോ അരിയുടെ ചോറ് വേണം. മീൻകറിയില്ലാതെ ഇവരാരും ചോറ് കഴിക്കാറില്ല.അതും കുടം പുളിയിട്ട് നല്ല എരിവോടെ വേണം.ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ചാണ് ചോറുകൊടുക്കുന്നത്. നല്ല മീൻകറിയല്ലെങ്കിൽ മണം പിടിച്ചിട്ട് മടങ്ങിപ്പോകും.