പ്രസവത്തിന് ദിവസങ്ങൾ ബാക്കി; യുവതിയെ ഇടിച്ചു വീഴ്‌ത്തി ആഡംബരക്കാർ, അപകടം ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ
സിഡ്‌നി: ഗർഭിണിയായ ഇന്ത്യൻ വംശജയ്‌ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. എട്ട് മാസം ഗർഭിണിയായ സാമൻവിത ധരേശ്വറാണ് മരിച്ചത്. ഓസ്ട്രേയിലിലെ സിഡ്നി നഗരത്തിലെ ഹോൺസ്‌ബി പ്രദേശത്തായിരുന്നു അപകടം. ഭർത്താവിനും നാലുവയസുള്ള മകനുമൊപ്പം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സാമൻവിതയ്‌ക്കും കുടുംബത്തിനും റോഡ് മുറിച്ചുകടക്കുന്നതിനായി ഒരു ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തിരുന്നു. തുടർന്ന് കുടുംബം റോഡ് മുറിച്ചുകടന്നപ്പോൾ ഇത് ശ്രദ്ധിക്കാതെ അമിതവേഗത്തിൽ എത്തിയ ബിഎംഡബ്ല്യു കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാമൻവിതയെ ഉടൻ വെസ്‌റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗർഭസ്ഥശിശുവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ആൾസ്‌കോ യൂണിഫോംസ് എന്ന കമ്പനിയിൽ ഐടി സിസ്‌റ്റംസ് അനലിസ്‌റ്റ് ആയാണ് സാമൻവിത ധരേശ്വർ ജോലി ചെയ്തിരുന്നത്.
സംഭവത്തിൽ, ബിഎംഡബ്ല്യൂ ഓടിച്ചിരുന്ന 19 വയസുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ പിന്നീട് അയാളുടെ വീട്ടിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അപകടകരമായ ഡ്രൈവിംഗ്, കൊലക്കുറ്റം, ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുക തുടങ്ങി കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു. 'സോയിസ് ലോ' എന്ന നിയമപ്രകാരം അമിതവേഗതയിലോ അശ്രദ്ധമായോ ഓടിക്കുന്ന വാഹനം ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായാൽ പ്രധാനശിക്ഷയ്ക്ക് പുറമെ മൂന്ന് വർഷം അധിക തടവും കുറ്റവാളിക്ക് ലഭിക്കും.