കൊട്ടിക്കയറി തായമ്പക ബ്രദേഴ്‌സ്
മുരിക്കാശ്ശേരി: ചെമേളം തായമ്പക വേദിയിൽ ഇത്തവണയും ശ്രദ്ധേയ പ്രകടനവുമായി സഹോദരങ്ങൾ. നരിയാംപാറ സ്മിതാ ഭവനിൽ ഗൗതം സുമേഷ്, ശബരി സുമേഷ് എന്നിവരാണ് വേദിയിൽ ചെണ്ടയിൽ വാദ്യ വിസ്മയം തീർത്തത്. തായമ്പകയിൽ ഹൈസ്‌കൂൾ വിഭാഗത്തിലാണ് ഗൗതം സുമേഷ് പങ്കെടുത്തതെങ്കിൽ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ശബരി സുമേഷ് പങ്കെടുത്തത്. രണ്ടു ടീമായിട്ടായിരുന്നു ഇരുവരുടെയും മത്സരം. കഴിഞ്ഞ മൂന്ന് തവണയായി ഗൗതം സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണയും അത് ആവർത്തിക്കുമെന്ന ആത്മ വിശ്വാസത്തിലാണ്. നരിയാംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അരങ്ങേറ്റം തുടങ്ങിയതാണ്. സഹോദരൻ ശബരിയാകട്ടെ കഴിഞ്ഞ നാലു വർഷമായി സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. വെള്ളയാം കുടി സെന്റ് ജെറോംസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശബരി. കട്ടപ്പന കുട്ടിയാശാൻ വാദ്യകലാകേന്ദ്രത്തിലെ സതീഷാണ് ഇരുവരുടെയും ഗുരു. മന്നം മെമ്മോറിയൽ സ്‌കൂളിലെ ഓഫീസ് സ്റ്റാഫായ പിതാവ് സുമേഷും മക്കൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. നരിയാം പാറയിൽ പത്ര ഏജന്റായിരുന്ന അമ്പിളിയാണ് മാതാവ്. അമ്പിളി നിലവിൽ സ്വകാര്യ സ്‌കൂൾ ജീവനക്കാരിയാണ്. തമിഴ്‌നാട്ടിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ ഇവരുടെ സഹോദരി ഗൗരി സുമേഷും 2009-10 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ വന്ദേമാതരം ഗാനാലാപനത്തിൽ പങ്കെടുത്തിട്ടുണ്ട്.