നിറഞ്ഞ ചിരിയുമായി ഉത്തര
തിരുവനന്തപുരം: ചുവടുകളൊന്നും തെറ്റാതെ വല്ല്യമ്മ പഠിപ്പിച്ചത് അക്ഷരംപ്രതി ഉത്തര ആടിത്തീർത്തപ്പോൾ സദസിൽ നിന്ന് കൈയടി ഉയർന്നു. നിറഞ്ഞ ചിരിയോടെയായിരുന്നു ഉത്തരയുടെ ഓരോ ചുവടും. ഡാൻസിനോടുള്ള ഇഷ്ടമാണ് വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉത്തരയെ ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ വേദിയിലെത്തിച്ചത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയായ അമ്മ അഡ്വ. പൗർണമിക്കൊപ്പമാണ് മത്സരത്തിനെത്തിയത്. മത്സരത്തിന്റെ ഫലം കാത്തുനിൽക്കാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പൗർണമിയുടെ സഹോദരിയും ശിവാലയ ഡാൻസ് സ്‌കൂളിലെ നൃത്താദ്ധ്യാപികയുമായ പൂർണിമയാണ് ഉത്തരയുടെ ഗുരു. കഴിഞ്ഞവർഷം മോഹിനിയാട്ടം, നടോടിനൃത്തം എന്നിവയിലായിരുന്നു മത്സരം. ഡാൻസിന് പുറമെ സ്‌പോർട്സിലും ഉത്തരയ്ക്ക് താത്പര്യമുണ്ട്. കോഴിക്കോട് നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.