മുറജപത്തിന് ഒരുക്കങ്ങളായി ശ്രീപദ്മനാഭസന്നിധി വേദമന്ത്രങ്ങളിൽ നിറയും
തിരുവനന്തപുരം : അനന്തപുരിക്ക് നാഥനായ ശ്രീപദ്മനാഭന്റെ സന്നിധി ഇനിയുള്ള 56നാൾ വേദമന്ത്രജപങ്ങളിൽ നിറയും. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ തുടങ്ങുന്ന മുറജപം ജനുവരി 14ന് ലക്ഷദീപത്തോടെ സമാപിക്കും. വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്നതാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. മുറജപത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ വന്ദേ പദ്മനാഭം എന്ന പേരിൽ അരങ്ങേറും. നാളെ വൈകിട്ട് 5ന് കിഴക്കേനടയിൽ തെലുങ്ക് സിനിമാതാരം റാണ ദഗ്ഗുബതി വന്ദേ പദ്മനാഭം ഉദ്ഘാടനം ചെയ്യും. നാളെ മുതൽ ജനുവരി 10വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ കിഴക്കേനടയിലും വടക്കേനടയിലും കലാപരിപാടികൾ നടക്കും. പ്രശസ്തരുടെ കച്ചേരികൾ, ഭജന, നൃത്തപരിപാടികൾ എന്നിവ അരങ്ങേറും. നാളെ മുതൽ 48 ദിവസം പദ്മതീർത്ഥക്കുളത്തിൽ വൈദ്യുതദീപാലങ്കാരം നടക്കും.ജനുവരി 13 മുതൽ 16വരെ പദ്മതീർത്ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങൾ,മൂന്ന് ഗോപുരങ്ങൾ,നാല് നടകളിലെ റോഡുകൾ എന്നിവിടങ്ങളിൽ ദീപാലങ്കാരം ഭക്തർക്ക് കാണാനാകും. എല്ലാ ദിവസവും വൈകിട്ട് 6.30ന് പദ്മതീർത്ഥക്കുളത്തിൽ നടക്കുന്ന ജലജപം ഭക്തർക്ക് കാണാനുള്ള സൗകര്യമുണ്ട്. 10,000ത്തോളം ഭക്തർ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ട്രെയിനിൽ അഡിഷണൽ കോച്ചിന് വേണ്ടി റെയിൽവേയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ആറു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലക്ഷദീപത്തിന് ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാക്കും. 15,000 പേർക്കാണ് മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസേന പ്രവേശനമുണ്ടാവുകയെന്നും ഭരണസമിതി വിശദീകരിച്ചു. ഭാവിയിൽ കുംഭമേളപോലെ വലിയ ഉത്സവമായി മുറജപ ലക്ഷദീപ മഹോത്സവത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.