പാരിസ്ഥിതികാനുമതി കേന്ദ്രത്തിന് മുൻകാല പ്രാബല്യത്തോടെ നൽകാം

Wednesday 19 November 2025 12:23 AM IST

ന്യൂഡൽഹി: വികസന പദ്ധതികൾക്കടക്കം മുൻകാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഇക്കഴിഞ്ഞ

മേയിൽ വന ശക്തി കേസിൽ പുറപ്പെടുവിച്ച വിധി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പിൻവലിച്ചു.

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഓഫ് ഇന്ത്യ (ക്രെഡായ്) അടക്കം സമർപ്പിച്ച പുന:പരിശോധനാ ഹർജികളിലാണ് നടപടി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ ഹർജിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിയോജിച്ചു. മേയിൽ വിധി പറഞ്ഞ രണ്ടംഗ ബെഞ്ചിലെ ജഡ്‌ജിയായിരുന്നു ഭുയാൻ. വിധി തിരുത്തിയത് നിർമ്മാണ മേഖലയ്‌ക്ക് വൻ

ആശ്വാസമായി.

വിധി പുന:പരിശോധിച്ചില്ലെങ്കിൽ, 20,000 കോടിയിൽപ്പരം രൂപ ചെലവിട്ട് നിർമ്മിച്ച പൊതു പദ്ധതികളും പൊളിച്ചു നീക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.വൻ പിഴത്തുക ഈടാക്കിയാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം മുൻകാല പ്രാബല്യത്തോടെ പാരിസ്ഥിതികാനുമതി നൽകിയിരുന്നത്.പുന:പരിശോധനാ ഹർജികളെ പരിസ്ഥിതി സംഘടനകൾ എതിർത്തു. നിയമ വിരുദ്ധ പ്രവൃത്തികൾക്ക് കോടതി കൂട്ടു നിൽക്കരുതെന്നും ആവശ്യപ്പെട്ടു.