മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയെ വധിച്ചു
ന്യൂഡൽഹി: സർക്കാർ 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മ എന്ന സന്തോഷിനെ (44) സുരക്ഷാസേന വധിച്ചു. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഹിദ്മയുടെ ഭാര്യയും മാവോയിസ്റ്റ് മൊബൈൽ പൊളിറ്റിക്കൽ സ്‌കൂൾ മേധാവിയുമായ മദകം രാജെ, മറ്റ് നാലുപേർ എന്നിവരെയും വധിച്ചു. അടുത്ത മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കെയാണിത്. മേയിൽ മാവോയിസ്റ്റ് നേതാവ് നമ്പാല കേശവ റാവു എന്ന ബസവരാജിനെ വധിച്ച ശേഷം സുരക്ഷാസേന ലക്ഷ്യമിട്ടവരിൽ പ്രധാനിയാണ് ഹിദ്മ. തിപ്പിരി തിരുപ്പതി എന്ന ദേവുജി നേതൃത്വത്തിൽ വന്നെങ്കിലും നിയന്ത്രണം ഹിദ്‌മയ്‌ക്കായിരുന്നു. മല്ലോജുല വേണുഗോപാൽ റാവു കീഴടങ്ങിയ ശേഷം ദണ്ഡകാരണ്യ മേഖലയിലെ ഏറ്റവും ശക്തനായ നേതാവായി ഹിദ്മ മാറി. ആന്ധ്രയിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് സേന തെരച്ചിൽ ആരംഭിച്ചത്. ആന്ധ്ര, ഛത്തീസ്ഗഢ്, ഒഡീഷ അതിർത്തി വനമേഖലകളിലാണ് ഓപ്പറേഷൻ നടന്നത്. മാവോയിസ്റ്റ് നേതാക്കളായ ബസവരാജ്, കട്ട രാമചന്ദ്ര റെഡ്ഡി, കദരി സത്യനാരായണ റെഡ്ഡി, ഗജർല രവി, ചൽപതി, സഹ്‌ദേവ് സോറൻ, ബാൽകൃഷ്ണ, നരസിംഹ തുടങ്ങിയവരെ ഈ വർഷം സേന വധിച്ചിരുന്നു. ഏതാനും മാസങ്ങൾക്കിടെ നിരവധി മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുകയും ചെയ്തു.
26 ആക്രമണങ്ങളുടെ
സൂത്രധാരൻ
സാധാരണക്കാർക്കും സുരക്ഷാസേനയ്ക്കുമെതിരായ 26 ആക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് ഹിദ്മയാണ്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സി.ആർ.പി.എഫ് ജവാൻമാരായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം.
2010ൽ ദന്തേവാഡ അക്രമണം -വീരമൃത്യു വരിച്ചത് 76 സി.ആർ.പി.എഫ് ജവാന്മാർ
2017 മാർച്ച്- 12 സി.ആർ.പി.എഫ് ജവാന്മാർ
2017 ഏപ്രിൽ- 25 ജവാൻമാർ
2020 മാർച്ച്-22 ജവാന്മാർ
2021 ഏപ്രിൽ-22 ജവാന്മാർ
2013ൽ ഛത്തീസ്ഗഢിലെ ഝിറാം ഘട്ടിയിലുണ്ടായ ആക്രമണത്തിൽ
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പൈട 27 പേർ കൊല്ലപ്പെട്ടു
ആദ്യ ഗോത്ര നേതാവ്
1981ൽ അവിഭക്ത മദ്ധ്യപ്രദേശിലെ സുക്മയിലുള്ള പുർവതി ഗ്രാമത്തിൽ (ഇപ്പോൾ ഛത്തീസ്ഗഢിൽ) ജനിച്ച ഹിദ്മ സി.പി.ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തിയ ഏക ഗോത്രവർഗക്കാരൻ. പത്താം വയസിൽ മാവോയിസ്റ്റ് കേഡറായ ഹിദ്മ പതിറ്റാണ്ടുകളോളം കമാൻഡറായ ശേഷം ഈ വർഷമാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയത്. കേന്ദ്ര കമ്മിറ്റിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ്.
1991ൽ കുട്ടികളുടെ മാവോയിസ്റ്റ് കേഡറായ ബാൽ സംഘത്തിൽ. പിന്നീട് സി.പി.ഐയിൽ (മാവോയിസ്റ്റ്) 2002ൽ മദ്ധ്യപ്രദേശിലെ ബലഘട്ട് മേഖലയിൽ ആദ്യ ചുമതല
2004ൽ കൊണ്ട ഏരിയാ കമ്മിറ്റി സെക്രട്ടറി. 2007ൽ മൂന്നാം നമ്പർ കമ്പനി കമാൻഡർ.
2009ൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡർ. പിന്നീട് കമാൻഡർ.
2021ൽ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയംഗം
പീപ്പിൾ ലിബറേഷൻ ഗറില്ല ആർമി: 2009 മുതൽ 2021 വരെ മാവോയിസ്റ്റുകളുടെ ഏറ്റവും കരുത്തുറ്റ വിഭാഗം. 155 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചു.
കീഴടങ്ങിയില്ല
രാജ്യത്തെ നടുക്കിയ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ
2010ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ച മാവോയിസ്റ്റ് ആക്രമണം
2013ൽ ഛത്തീസ്ഗഢ് കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം 27 പേർ കൊല്ലപ്പെട്ട ആക്രണം
മല്ലോജുല വേണുഗോപാൽ റാവു കീഴടങ്ങിയതോടെയാണ് ഹിദ്‌മ, ദണ്ഡകാരണ്യ മേഖലയിലെ ഏറ്റവും ശക്തനായ നേതാവായത്
മുമ്പ് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശർമയുടെ ആവശ്യപ്രകാരം മദ്‌വിയുടെ അമ്മ പുൻജി മദ്‌വി മകനോട് കീഴടങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല