ബീഹാർ: സർക്കാർ രൂപീകരണ ചർച്ച സജീവം
ന്യൂഡൽഹി: ബീഹാറിൽ നാളെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സ്‌പീക്കർ പദവിയിലും മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയുണ്ടാക്കാനുള്ള ചർച്ച തുടരുന്നു. ബി.ജെ.പിയും ജെ.ഡി.യുവും സ്പീക്കർ പദവിക്കായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാനും കൂടിയായി ജെ.ഡി.യു നേതാക്കളായ സഞ്ജയ് ഝായും ലാലൻ സിംഗും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്തു. അതിനിടെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ബി.ജെ.പി കേന്ദ്ര നിരീക്ഷകനായി നിയമിച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, മുൻ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി എന്നിവർ സഹ നിരീക്ഷകരാണ്. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിൽ 20ന് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പത്താം തവണ മുഖ്യമന്ത്രിയാകുന്ന നിതീഷ് കുമാർ വിലയിരുത്തി. കഴിഞ്ഞ സർക്കാരിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ചീഫ് സെക്രട്ടറി പ്രത്യയ അമൃത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നേതൃസ്ഥാനം ഒഴിയാൻ തേജസ്വി: പിന്തിരിപ്പിച്ച് ലാലു
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആർ.ജെ.ഡി നേതൃത്വത്തിൽ നിന്ന് മാറി നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ച തേജസ്വി യാദവിനെ പിന്തിരിപ്പിച്ച് പിതാവ് ലാലു പ്രസാദ് യാദവ്. ആർ.ജെ.ഡി നേതൃത്വ പദവിയും പ്രതിപക്ഷ നേതാവിന്റെ പദവിയും വേണ്ടെന്നാണ് തേജസ്വി പറഞ്ഞത്. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ എം.എൽ.എയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തേജസ്വി പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പാർട്ടിയെ തേജസ്വി നയിക്കണമെന്ന് ലാലു യാദവ് നിർബന്ധിച്ചു. തേജസ്വിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പു നൽകിയ മുതിർന്ന നേതാക്കളും പിന്തുണച്ചു. തേജസ്വി യാദവ് തന്റെ സഹായിയും ആർ.ജെ.ഡിയുടെ രാജ്യസഭാ എം.പിയുമായ സഞ്ജയ് യാദവിനെ പിന്തുണച്ച് സംസാരിച്ചു.. സഞ്ജയ് യാദവ് കാരണമാണ് പാർട്ടി വിടുന്നതെന്ന് തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ പറഞ്ഞിരുന്നു. തേജസ്വിയുടെ വിശ്വസ്തനായ സഞ്ജയ് യാദവാണ് ആർ.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പ്രധാന പങ്കു വഹിച്ചത്.