സുവിശേഷക വിദ്യാർത്ഥിയുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

Wednesday 19 November 2025 1:40 AM IST

തിരുവനന്തപുരം: കുട്ടികളുടെ ത​ർ​ക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ തൈക്കാട്ട് സുവിശേഷക വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ജഗതി കോളനി ടി.സി 16/ 925 സന്ദീപ് ഭവനിൽ സന്ദീപ് (25),കുന്നുകുഴി തേക്കുംമൂട് തോട്ടുവരമ്പ് വീട്ടിൽ അഖിലേഷ് (21) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്‌തത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്.

രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനെ (19) തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിൽവച്ച് സംഘം ചേർന്ന് മർദ്ദിച്ചശേഷം കുത്തിക്കൊല്ലുകയായിരുന്നു. കേസിലെ ആറും ഏഴും പ്രതികളാണ് സന്ദീപും അഖിലേഷും. നിരവധി കേസുകളിൽ പ്രതിയായ സന്ദീപ് കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇവരെ റിമാൻഡ് ചെയ്‌തു. അതേസമയം കുത്തിയ ആളിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധമുള്ള മറ്റ് നാലുപേർ നിരീക്ഷണത്തിലാണെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി വ്യക്തമാക്കി.

തൈക്കാട് മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെ കഴിഞ്ഞ ദിവസം രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇക്കാര്യം പറഞ്ഞുതീർക്കാൻ രണ്ടിടത്തെയും മുതിർന്നവരും യുവാക്കളും തമ്മിൽ തൈക്കാട് ശാസ്‌താക്ഷേത്രത്തിന് സമീപത്തുവച്ച് ഒത്തുചേരുകയും സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇതിനിടെ ഹെൽമറ്റുകൊണ്ട് അലനെ അടിച്ചുവീഴ്‌ത്തി. കമ്പികൊണ്ടുള്ള ഉപകരണം കൊണ്ട് ഇടതുനെഞ്ചിൽ ആഴത്തിൽ കുത്തേറ്റ അലനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് കമ്പികൊണ്ടുള്ള ഒരു ആയുധം കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറിയതാണ് മരണകാരണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അലനും മാതാവ് മഞ്ജുളയും താമസിക്കുന്ന തോപ്പിലെ വാടകവീട്ടിൽ സ്ഥലമില്ലാത്തതിനാൽ വലിയവിളയിലുള്ള അലന്റെ മാതൃസഹോദരിയുടെ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം മുട്ടട പെന്തിക്കോസ്‌തൽ ചർച്ചിൽ സംസ്‌കരിച്ചു.