എസ്.ഐ.ആറിനെതിരെ ഡൽഹിയിൽ കോൺ. റാലി

Wednesday 19 November 2025 2:50 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന എസ്.ഐ.ആർ നടപടിക്കെതിരായ പ്രതിഷേധം വ്യാപകമാക്കാൻ കോൺഗ്രസ്. ഡിസംബർ ആദ്യ ആഴ്ച ഡൽഹി രാംലീലാ മൈതാനിയിൽ എസ്‌.ഐ.ആറിനെതിരെ വൻ റാലി നടത്താൻ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. വോട്ടുകൊള്ള മുദ്രാവാക്യമുയർത്തി അഞ്ച് കോടി ഒപ്പുകൾ ശേഖരിക്കുന്ന നടപടി പൂർത്തിയായി.

12 സംസ്ഥാനങ്ങളിൽ നിന്നുള്ള പി.സി.സി അദ്ധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ, ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, സെക്രട്ടറിമാർ, മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ മല്ലികാർജ്ജുൻ ഖാർഗെ അധ്യക്ഷത വഹിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,​ കേരളത്തിൽ നിന്ന് വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് ലക്ഷദ്വീപിന്റെ ചുമതലയുള്ള ടി.എൻ. പ്രതാപൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വോട്ടർ പട്ടികയുടെ സമഗ്രത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഖാർഗെ പറഞ്ഞു. എസ്.ഐ.ആറിനെതിരെ പാർട്ടി പ്രവർത്തകരും ബൂത്തുതലം മുതലുള്ള നേതാക്കളും നിരന്തരം ജാഗ്രത പാലിക്കുമെന്ന് ഖാർഗെ പറഞ്ഞു. യഥാർത്ഥ വോട്ടർമാരെ ഇല്ലാതാക്കാനോ വ്യാജ വോട്ടർമാരെ ചേർക്കാനോ ഉള്ള എല്ലാ ശ്രമങ്ങളും, ഞങ്ങൾ തുറന്നുകാട്ടും. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർന്നതിനാൽ എസ്‌.ഐ.ആർ പ്രക്രിയയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം അങ്ങേയറ്റം നിരാശാജനകമാണ്. ബി.ജെ.പിയുടെ നിഴലിൽ പ്രവർത്തിക്കുന്നില്ലെന്ന് കമ്മിഷൻ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

br /> സാധാരണയായി ആറ് മാസം മുതൽ ഒരു വർഷം വരെ എടുക്കേണ്ട. പ്രക്രിയ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം ബി.എൽ.ഒമാരിൽ സമ്മർദ്ദമുണ്ടാക്കിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.