ഹസീനയെ കൈമാറണമെന്ന് ബംഗ്ളാദേശ്, പ്രതികരിക്കാതെ ഇന്ത്യ

Wednesday 19 November 2025 2:53 AM IST

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ളാദേശ് ഇടക്കാല ഭരണകൂടത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ഇന്ത്യ. ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെയും ഹസീനയ്‌ക്കൊപ്പം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിധി വന്ന് 30 ദിവസത്തിനുള്ളിൽ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ ഹസീനയ്ക്ക് വിധിക്കെതിരെ അപ്പീൽ നൽകാനാവില്ല. കുറ്റം ചുമത്തപ്പെട്ട രണ്ട് വ്യക്തികളെയും ഉടൻ കൈമാറണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം ഇരുവരെയും കൈമാറേണ്ട ഉത്തരവാദിത്വം ഇന്ത്യയ്‌ക്കുണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലെന്നും നീതിയെ അവഗണിക്കലാണെന്നും പ്രസ്‌താവനയിൽ പറയുന്നു.

വിധിയെ തുടർന്നുള്ള പ്രതികരണത്തിൽ ബംഗ്ലാദേശിൽ സമാധാനം, ജനാധിപത്യം, സ്ഥിരത, എല്ലാവരെയും ഉൾപ്പെടുത്തൽ എന്നിവ ഉറപ്പാക്കി ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവരെയും ഉൾപ്പെടുത്തണമെന്ന സൂചന ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ ഏകപക്ഷീയമായി വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ്. തന്റെ പാർട്ടിക്ക് പൊതുതിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചാൽ തിരിച്ചുപോകുമെന്ന് ഹസീന വ്യക്തമാക്കിയിരുന്നു. അതിനാൽ രാഷ്‌ട്രീയപരമായ നീക്കമെന്ന് ചൂണ്ടിക്കാട്ടി ബംഗ്ളാദേശിന്റെ ആവശ്യം അവഗണിക്കാനാണ് ഇന്ത്യയുടെ നീക്കം. ബംഗ്ളാദേശുമായുള്ള ഉടമ്പടി ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് വിവേചനാധികാരം നൽകുന്നു.