പൗണ്ട്കടവിൽ ട്രെയിനിന് കല്ലെറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

Wednesday 19 November 2025 12:27 AM IST

കുളത്തൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേർക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് മൂന്ന് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം ചെന്നെെ എക്സ്‌പ്രസ് ട്രെയിനിന് നേർക്കാണ് പൗണ്ട്കടവിൽ കല്ലേറുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കല്ലേറിൽ പരിക്കേറ്റ യാത്രക്കാർ വിവരം റെയിൽവേ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് റെയിൽവേ പാെലീസും തുമ്പ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും ഈ ഭാഗത്ത് രാത്രികാലങ്ങളിൽ ട്രെയിനിന് നേർക്ക് കല്ലുകളും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. റെയിൽവേ പൊലീസ് കേസെടുത്തു.