ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 16.6 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസിനെയാണ് (33) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രണ്ടുമാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരൻ അയച്ചുകൊടുത്ത പണം ലാഭത്തോടെ വ്യാജ ആപ്പിൽ പ്രത്യക്ഷപ്പെട്ടു, എന്നാൽ തുക പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ്
തട്ടിപ്പ് വിവരം പരാതിക്കാരന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പണം പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെന്ന് കണ്ടെത്തി. തട്ടിയെടുത്ത പണത്തിൽ നിന്ന് 4.5 ലക്ഷം രൂപ പോർട്ടൽ വഴി മരവിപ്പിക്കാനായി. ഇത് പരാതിക്കാരന് തിരികെ ലഭ്യമാകും.പ്രതിക്കെതിരെ എറണാകുളം സിറ്റി, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലായി 28 പരാതികൾ നിലവിലുണ്ട്.ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ്.സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി.ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആതിര ഉണ്ണിക്കൃഷ്ണൻ,ശരത്ചന്ദ്രൻ,അസി.സബ് ഇൻസ്‌പെക്ടർമാരായ ജെ.രഞ്ജിത്ത്,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ദീപ്തിമോൾ,സി.പി.ഒ ജേക്കബ് സേവ്യർ,വിദ്യ ഒ.കുട്ടൻ,കെ.യു.ആരതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.