പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Wednesday 19 November 2025 12:29 AM IST

കൊച്ചി: പ്രണയം നടിച്ച് പത്താംക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ സീമാൻ ഹരിയാന സ്വദേശി അമിത്തിനെ (27) ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. കൊച്ചിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

ഏതാനും വർഷം മുമ്പ് കൊച്ചിയിലെത്തിയ അമിത് ഒരു വർഷം മുമ്പ് സ്നാപ് ചാറ്റ് വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. 21 വയസേയുള്ളൂവെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം 15കാരിയെ സ്കൂളിൽനിന്ന് ബൈക്കിൽ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.

രാവിലെ കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഹാർബർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വൈകിട്ട് നാലോടെ വീട്ടിലെത്തിയ കുട്ടി, കൊച്ചിയിലെ മാളിൽ പോയെന്നാണ് രക്ഷിതാക്കളോട് പറഞ്ഞത്. വിശദമായി ചോദിച്ചപ്പോൾ നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം തുടങ്ങി. പിരിച്ചുവിടൽ അടക്കമുള്ള നടപടികളുണ്ടായേക്കും.