വഞ്ചനാക്കേസ്:വിദേശത്തേക്ക് കടന്ന സംവിധായിക അറസ്റ്റിൽ

Wednesday 19 November 2025 12:30 AM IST

ചാരുംമൂട് : വഞ്ചനാകേസുൾപ്പെടെയുള്ളത് മറച്ചുവച്ച് പാസ്പോർട്ട് നേടി വിദേശത്തേക്ക് കടന്ന സിനിമ സംവിധായികയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി സമദ് മൻസിലിൽ ഹസീന ബീവിയെയാണ് (43) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ, ചാവക്കാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും വഞ്ചനാ കേസുകളിലും നൂറനാട്, കായംകുളം സ്റ്റേഷനുകളിൽ ചെക്ക് കേസുകളിലും പ്രതിയാണ്. ഈ വിവരങ്ങൾ മറച്ചുവച്ച് 2024ൽ എറണാകുളം റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്നു പാസ്പോർട്ട് നേടി യു.കെയിലേക്ക് കടക്കുകയായിരുന്നു. ഈ വിവരം മനസ്സിലാക്കിയ നൂറനാട് പൊലീസ് ഹസീനക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. ഇവരുടെ പാസ്പോർട്ട് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾക്കായി റിപ്പോർട്ട് കൊച്ചി പാസ്പോർട്ട് ഓഫീസർക്ക് സമർപ്പിച്ചിരുന്നു.

നാട്ടിലെത്തിയ ഹസീനയെ ഇന്നലെ രാവിലെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. മാവേലിക്കര കോടതി ജാമ്യത്തിൽ വിട്ടയച്ചു.