സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി സൂക്ഷിച്ച കമ്പികൾ മോഷ്ടിച്ച പ്രതി പിടിയിൽ
കുന്നംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാറേമ്പാടത്ത് സൂക്ഷിച്ച ഇരുമ്പ് കമ്പികൾ മോഷ്ടിച്ച പ്രതികളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അത്താർഷേക്ക് (27), സെയിനുൽ ഹഖ് (26) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.കെ.കെ.കമ്പനിയുടെ കമ്പികളാണ് മോഷണം പോയത്.
തിങ്കളാഴ്ച പുലർച്ചെ ആറരയ്ക്ക് പാറമ്പാടത്തെ പാതയോരത്ത് കൂട്ടിയിട്ടിരുന്ന 12 എം.എം കനവും ഒരു മീറ്റർ നീളവുമുള്ള 250 ഓളം കമ്പികളാണ് മോഷണം പോയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷ്ടിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടുപേർ വാഹനത്തിൽ ഇരുമ്പുകമ്പികൾ കയറ്റി കൊണ്ടുപോകുന്നത് കണ്ട പ്രദേശവാസി കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിലെ എച്ച്.ആർ വിഭാഗം ഉദ്യോഗസ്ഥനായ അനിൽ കുമാർ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.