ബാറിൽ വടിവാൾ ആക്രമണം: യുവതിയടക്കം 3 പേർ പിടിയിൽ

Wednesday 19 November 2025 11:30 AM IST

കൊച്ചി: വൈറ്റിലയിലെ ബാറിൽ വടിവാളും കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിലായി. രണ്ടുപേർക്കായി അന്വേഷണം നടക്കുന്നു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. അലീന സീരിയൽ നടിയാണെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മർദ്ദനമേറ്റ മൂവരും പിറ്റേന്ന് ചികിത്സയ്‌ക്കായി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിവീണത്.

സംഭവദിവസം വൈകിട്ടോടെ ബാറിൽ എത്തിയ അഞ്ചംഗ സംഘം മദ്ധ്യവയസ്‌കനുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കൈയാങ്കകളിയിലേക്ക് കടന്നതോടെ ബാർ ജീവനക്കാരൻ ഇടപെട്ടു. പ്രശ്‌നമുണ്ടാക്കരുതെന്നും സംഘർഷം ഒഴിവാക്കാനും ആവശ്യപ്പെട്ടെങ്കിലും സംഘം കൂട്ടാക്കിയില്ല. ബാർ ജീവനക്കാരനെ മർദ്ദിച്ചതോടെ കൂട്ടയടിയായി. മർദ്ദനമേറ്റ് പുറത്തേക്കു പോയ സംഘം രാത്രിയോടെ തിരിച്ചെത്തി. കാറിൽ നിന്ന് ആയുധവുമെടുത്ത് ബാറിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം ബാർ ജീവനക്കാരനെ കത്തിമുനയിൽ നിറുത്തി മർദ്ദിച്ചു. രണ്ടുതവണ ബാറിലെത്തി അക്രമം അഴിച്ചുവിട്ടെന്നും ജീവനക്കാരെ മർദ്ദിച്ചെന്നും പരാതിയിലുണ്ട്. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.