യു​ക്രെയ്ന് ​ഫ്രാൻസിന്റെ 100 റാഫേൽ വിമാനങ്ങൾ

Wednesday 19 November 2025 12:51 AM IST

കിയവ്: യുക്രെയ്നോടുള്ള യൂറോപ്യൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ​100 റാഫേൽ യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള കരാറിൽ ഫ്രാൻസ് യുക്രെയ്നുമായി കരാർ ഒപ്പുവെച്ചു.ട്രംപ് ഭരണകൂടം യുക്രെയ്ന് ആയുധം നൽകുന്നത് കുറച്ച പശ്ചാത്തലത്തിലാണ് ഫ്രഞ്ച് നീക്കം.

കൂടാതെ മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെടെ നൽകാനുള്ള കരാറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കിയും ഒപ്പുവെച്ചത്.

2035 വരെയാണ് കരാർ.സ്വീഡൻ യുക്രെയ്ന് 150 ഫൈറ്റർ ജെറ്റുകൾ നൽകാമെന്ന് കരാർ ഉറപ്പിച്ചതിന് പിന്നാലെയാണിത്.

ഇരു രാജ്യങ്ങൾക്കും ചരി​ത്രപരമാണ് ഈ കരാറെന്ന് ഫ്രാൻസ് സന്ദർശിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി പറഞ്ഞു.റഷ്യയുടെ സാമാജ്യത്വ മോഹത്തോടെയും പുത്തൻ കോളനി വത്കരണ ലക്ഷ്യത്തോടെയുമുള്ള യുദ്ധം യുക്രൈ​ന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും അതിനാൽ യുക്രൈനിയൻ പ്രതിരോധം വർധിപ്പിക്കാനുള്ള തീരുമാനം വളരെ പ്രാധാന്യമുള്ളതാണെന്നും മാക്രേൺ വിലയിരുത്തി.

യുക്രെയ്ൻ യൂറോപ്യൻ കുടുംബത്തി​ന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നീണ്ടുനിൽക്കുന്ന സഹായമായിരിക്കും ഫ്രാൻസ് നൽകുകയെന്നും ഇതിൽ ചിലത് യൂറോപ്യൻ പ്രോഗ്രാമിന്റെ ഭാഗമാണെന്നും മാക്രോൺ പറഞ്ഞു.