മുൻ ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷൻ പൊട്ടിത്തെറിക്കും 'ഭീകരവാദിയായ ദേശസ്‌നേഹി'യുടെ ഭീഷണി

Wednesday 19 November 2025 12:54 AM IST

ബംഗളൂരു: 'എന്റെ മുൻ ഭാര്യയെ പീഡിപ്പിച്ചാൽ സ്റ്റേഷൻ പൊട്ടിത്തെറിക്കും". കഴിഞ്ഞ ദിവസം ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ)​ ലഭിച്ച അസാധാരണമായ ഭീഷണി സന്ദേശമാണിത്. സംഭവത്തിൽ 62കാരനായ രാജീവ് എന്നയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്നും അഞ്ച് വർഷം ചികിത്സയിലായിരുന്നെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ 13ന് രാത്രി 11.30ഓടെയാണ് ബി.എം.ആർ.സി.എല്ലിന്റെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

'ഡ്യൂട്ടി സമയത്തിനുശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, സൂക്ഷിക്കുക,​ നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും. ഭീകരവാദിയെപോലെയുള്ള ദേശസ്‌നേഹിയാണ് ഞാൻ"- എന്നാണ് സന്ദേശം. പിന്നാലെ ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപം സ്‌ഫോടനമുണ്ടായ ശേഷം രാജ്യത്തെ മെട്രോ സ്റ്റേഷനുകളിൽ കനത്ത പരിശോധന നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. 15 വർഷം മുമ്പാണ് രാജീവ് വിവാഹ മോചിതനാകുന്നത്. മെട്രോ ജീവനക്കാരിൽ പത്മിനി എന്നൊരാളില്ലെന്ന് അധികൃതർ അറിയിച്ചു.