നൈജീരിയയിൽ 25 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

Wednesday 19 November 2025 1:06 AM IST

അബുജ:നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി.സ്കൂളിൾ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വടക്കൻ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിംഗ് സ്കൂളിൽ തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു ആക്രമണം. രാജ്യത്തിന്റെ വടക്കൻമേഖലയിൽ സ്കൂളുകളിൽനിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.

നിരവധി മോട്ടോർ സൈക്കിളുകളിലായി എത്തിയ അക്രമികൾ അധ്യാപകന്റെ വീട് ലക്ഷ്യമാക്കി വെടിയുതിർത്തതായും തുടർന്ന് ഗാർഡിനെ കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി ചുട്ടുമുള്ള വനങ്ങളിലടക്കം സംയുക്ത സുരക്ഷാ സംഘം തിരച്ചിൽ തുടരുകയാണ്. ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

2014 ൽ ബോർണോ സംസ്ഥാനത്തെ ചിബോക്കിൽ നിന്ന് തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെൺകുട്ടികളെയാണു സ്കൂൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണം നൽകിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2024 മാർച്ചിൽ, കടുന സംസ്ഥാനത്ത് രണ്ടാഴ്ചയിലധികം തടവിലായിരുന്ന 130-ലധികം സ്കൂൾ കുട്ടികളെ സേന രക്ഷപ്പെടുത്തിയിരുന്നു.