സിറിയക്ക് എണ്ണ സഹായം:ആദ്യ കപ്പലെത്തി
Wednesday 19 November 2025 1:10 AM IST
റിയാദ്:സിറിയയിലെ ഊർജ്ജ മേഖലക്ക് സൗദി അറേബ്യ സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ആദ്യ എണ്ണകപ്പൽ സിറിയയിലെത്തി. ആറര ലക്ഷം ബാരൽ ക്രൂഡോയിലുമായി കപ്പൽ ബനിയാസ് എത്തിയത്.ഇത് സിറിയക്ക് മൊത്തം ഗ്രാന്റായി നൽകുന്ന 16.5 ലക്ഷം ബാരലിന്റെ ആദ്യ ഗഡുവാണ്.സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ അനുസരിച്ചാണിത്.കഴിഞ്ഞ സെപ്റ്റംബർ 11 നാണ് ഗ്രാൻറായി ഇന്ധനം നൽകുന്നതിനുള്ള കരാറിൽ സൗദിയും സിറിയയും ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കി സിറിയൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സൗദിയുടെ താൽപ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.