നിങ്ങളുടെ പേരെന്താണ് ? ഡൊണാൾഡ്... വൈറൽ  ട്രംപും കുട്ടികളും

Wednesday 19 November 2025 1:10 AM IST

വാഷിംഗ്ടൺ:ഭ്രാന്തമായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരി എന്ന നിലയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലോകത്തിന് പരിചയം. എന്നാൽ ട്രംപിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഏതാനും കുരുന്നുകുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന ട്രംപിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

'മാധ്യമങ്ങൾ കാണിക്കാത്ത പ്രസിഡന്റ് ട്രംപിന്റെ മറ്റൊരു വശം'എന്ന കുറിപ്പോടെ ട്രംപിന്റെ കമ്യൂണിക്കേഷൻസ് അഡൈ്വസറും സ്‌പെഷ്യൽ അസിസ്റ്റന്റുമായ മാർഗോ മാർട്ടിനാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. '

വീഡിയോയിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസ് സന്ദർശിക്കാനെത്തിയ കുട്ടികൾ ട്രംപിനോട് സംസാരിക്കുന്നത് കാണാം.ഊഷ്മളമായാണ് കുട്ടിസംഘത്തെ ട്രംപ് വരവേറ്റത്.ഇവരോട് വാത്സല്യത്തോടെ സംസാരിച്ചുകൊണ്ട് ട്രംപ് ചാലഞ്ച് കോയിനുകൾ സമ്മാനിക്കുന്നതും കാണാം.നാല് കുട്ടികളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

അവസാനം കോയിൻ വാങ്ങിയ കുട്ടിയാണ് ട്രംപിനോട് 'നിങ്ങളുടെ പേരെന്താണ് "എന്ന് ചോദിച്ചത്. മറുപടിയായി 'എന്റെ പേര് ഡൊണാൾഡ് " എന്ന് പറയുന്നതും കേൾക്കാം.തുടർന്ന് ട്രംപ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഓരോ പേന കൂടെ സമ്മാനിച്ചാണ് ട്രംപ് കുട്ടികളെ യാത്രയാക്കിയത്.

ഇതിനകം 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ട്രംപിന്റെ കുട്ടികളോടുള്ള പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളിട്ടു.