'അതൊന്നും അദ്ദേഹത്തിന് അറിയില്ല, ചോദ്യം ഇവിടെ നിർത്താം'; ജമാൽ ഖഷോഗി വധത്തിൽ സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ട്രംപ്
വാഷിംഗ്‌ടൺ: മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
വെെറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചോദ്യമുയർത്തിയ മാദ്ധ്യമപ്രവർത്തകനോട് ട്രംപ് ദേഷ്യപ്പെട്ടു. കൂടാതെ ഖഷോഗി വിവാദ പുരുഷനാണെന്നും ട്രംപ് പറഞ്ഞു.
'നിങ്ങൾ പരാമർശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. ആ മനുഷ്യനെ ഒരുപാട് പേർക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും. അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നമുക്ക് ഇത് ഇവിടെ നിർത്താം'- ട്രംപ് വ്യക്തമാക്കി.
ഖഷോഗി കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും വലിയ തെറ്റാണെന്നും മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. 2018ൽ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന്റെ പേരിൽ യുഎസും സൗദി അറേബ്യയും തമ്മിൽ പിരിമുറുക്കമുണ്ടായശേഷം ഇപ്പോഴാണ് സൗദി രാജകുമാരൻ യുഎസിലെത്തുന്നത്.
അതേസമയം, സൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാർ ട്രംപ് അംഗീകരിച്ചെന്നാണ് വിവരം. ഇസ്രായേലിന് നൽകിയതിന് ഏതാണ്ട് സമാനമായ വിമാനങ്ങളായിരിക്കും സൗദി അറേബ്യയ്ക്ക് നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി. 48 എഫ് - 35 ജെറ്റുകളാണ് സൗദി യുഎസിനോട് ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ, ടെക്‌നോളജി, എഐ കരാറുകൾ ഒപ്പിടും.