ഉമർ നബിയുടെ ഫോണിൽ നാല് വീഡിയോകൾ; പിടിക്കപ്പെടുമെന്ന് മനസിലായതോടെ സഹോദരൻ കുളത്തിൽ വലിച്ചെറിഞ്ഞു

Wednesday 19 November 2025 10:20 AM IST

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ ചാവേർ ഉമർ നബി ആക്രമണത്തിന് ഒരാഴ്‌‌ച മുമ്പ് പുൽവാമയിലെ കുടുംബ വീട് സന്ദർശിച്ചതായി വിവരം. വീട്ടിലെത്തിയ ഉമർ സഹോദരന് നൽകിയ ഫോണിൽ നിന്നാണ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ചാവേർ ആക്രമണം രക്തസാക്ഷിത്വം ആണെന്ന് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വീട്ടിൽനിന്നും മടങ്ങുന്നതിന് മുമ്പ് ഉമർ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒരെണ്ണം സഹോദരന് കൈമാറി. ശേഷം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാലയിലെ ഉമറിന്റെ സഹപ്രവർത്തകരായ ‌ഡോക്‌ടർമാർ പിടിയിലാകുന്നത്. ഇവർ അറസ്റ്റിലായെന്ന് അറിഞ്ഞതോടെ പരിഭ്രാന്തനായ ഉമറിന്റെ സഹോദരൻ ഫോൺ വീടിനടുത്തുള്ള ഒരു കുളത്തിൽ വലിച്ചെറിഞ്ഞു.

ഉമറിന്റെ രണ്ട് ഫോണുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അവ സ്വിച്ച് ഓഫ് ആയിരുന്നു. ഫോണുകളുടെ അവസാന ലൊക്കേഷൻ ഡൽഹിയിലും പുൽവാമയിലുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പുൽവാമയിലെ വീട്ടിലെത്തി. പരിശോധനയ്‌ക്കും ചോദ്യംചെയ്യലിനുമൊടുവിൽ കുളത്തിൽ വലിച്ചെറിഞ്ഞ കാര്യം ഉമറിന്റെ സഹോദരൻ വെളിപ്പെടുത്തി. ഇതിനിടെയാണ് ഡൽഹിയിൽ ചാവേറാക്രമണം നടന്നത്. പിന്നീടാണ് ഫോൺ കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളം കയറി ഫോണിന് കേടുപാടുകൾ സംഭവിച്ചിരുന്നു. മദർബോഡും തകരാറിലായി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് ഉമറിന്റെ വീഡിയോ വീണ്ടെടുക്കാനായത്. ഫോണിൽ നാല് വീഡിയോകളുണ്ടായിരുന്നു. അൽ ഫലാഹ് സർവകലാശാലയിലെ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയിൽ വച്ചാണ് ഉമർ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരം. ഇതിനിടെ പാകിസ്ഥാന്റെ സഹായത്തോടെയാണ് ഉമർ നബി ചാവേർ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.