സെൽഫിയെടുക്കാൻ ഇന്ത്യക്കാരിയുടെ ചുറ്റും കൂടി റഷ്യക്കാർ; അവരെ അമ്പരപ്പിച്ചത് ഒറ്റക്കാര്യം
ഇന്ത്യക്കാരിയോടൊത്ത് ചിത്രമെടുക്കാൻ വിദേശികൾ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ സ്‌ത്രീ ആരാണെന്നാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ തിരയുന്നത്. ഇത് ഒരു സെലിബ്രിറ്റിയോ, രാഷ്ട്രീയനേതാവോ ഒന്നുമല്ല എന്നതാണ് വിസ്‌മയിപ്പിക്കുന്നത്. സാധാരണ ഒരു രാജസ്ഥാനി വീട്ടമ്മയാണ് റഷ്യയിൽ തരംഗമാവുന്നത്.
ട്രാവൽ ബ്ളോഗറായ ശുഭം ഗൗതം റഷ്യ സന്ദർശിക്കാൻ തന്റെ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു. തന്റെ അമ്മയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ റഷ്യൻ സ്വദേശികൾ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ ശുഭം പങ്കുവച്ചതാണ് വൈറലാവുന്നത്. പർപ്പിൾ നിറത്തിൽ 'പോഷക്' എന്നറിയപ്പെടുന്ന രാജസ്ഥാനി വസ്ത്രമാണ് ശുഭത്തിന്റെ അമ്മ ധരിച്ചിരുന്നത്. ഞൊറികളുള്ള പാവാടയായ ഘാഘ്ര, കൈ നീളമുള്ള ബ്ളൗസ് ആയ കുർത്തി, ഓദ്‌നി എന്നറിയപ്പെടുന്ന ദുപ്പട്ട എന്നിവയാണ് അവർ ധരിച്ചിരുന്നത്.
തെരുവുകളിലൂടെ നടക്കുന്നതിനിടെ ആദ്യം ഒരു റഷ്യൻ വനിത ഓടിയെത്തി ശുഭത്തിന്റെ അമ്മയോട് സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു. പിന്നീടെത്തിയത് റഷ്യൻ ദമ്പതികളായിരുന്നു. പിന്നാലെ അനേകം വിദേശികളും സെൽഫിയെടുക്കാനെത്തി.