'ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്, ഇന്ത്യയ്ക്ക് ഒരു 'ഹിന്ദു രാഷ്ട്ര'മാകാൻ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല'

Wednesday 19 November 2025 10:23 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണെന്ന പരാമർശം ആവർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഹിന്ദു എന്ന പദം ഇടുങ്ങിയ മതപരമായ ലേബലല്ല. ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക തുടർച്ചയാൽ രൂപപ്പെട്ടതാണ് അതെന്നും അദ്ദേഹം പറ‌ഞ്ഞു. ഇന്നലെ ഗോഹട്ടിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കാതെ രാജ്യത്തെ ആരാധിക്കുകയും ഇന്ത്യൻ സംസ്കാരം പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ അവരും ഹിന്ദുക്കളാണ്. മതപരമായ ആചാരമല്ല, മറിച്ച് സാംസ്കാരിക വിശ്വസ്തതയാണ് ഇതിന് അടിസ്ഥാനം. ഭാരതമെന്നാൽ ഹിന്ദുവാണ്, അതുകൊണ്ടുതന്നെ ഭാരതത്തിൽ അഭിമാനം കൊളളുന്ന ഏതൊരാളും ഹിന്ദുവാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാൻ ഔദ്യോഗിക പ്രഖ്യാപനങ്ങളുടെ ആവശ്യമില്ല' - മോഹൻ ഭഗവത് പറഞ്ഞു.

ഏതെങ്കിലും സമൂഹത്തെ ദുർബലപ്പെടുത്താനോ ഉപദ്രവിക്കാനോ വേണ്ടിയല്ല ആർഎസ്എസ് സ്ഥാപിതമായത്. വ്യക്തികളുടെ സ്വഭാവരൂപീകരണത്തിനും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതുമാണ് ലക്ഷ്യം. വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ദേശീയ ഐക്യവും സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണവുമാണ് സംഘടന ലക്ഷ്യം വയ്ക്കുന്നതെന്നും മോഹൻ ഭഗവത് പറഞ്ഞു. ഹിന്ദുക്കൾക്ക് മൂന്നു കുട്ടികളുണ്ടെങ്കിലെ സന്തുലിതമായ ജനസംഖ്യ കൈവരിക്കാൻ ആകുകയുള്ളൂവെന്ന് പറ‌ഞ്ഞ അദ്ദേഹം മതപരിവർത്തനം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി.