പ്രണയം നിരസിച്ച പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു, പിതാവ് താക്കീത് നൽകിയതിന്റെ പക

Wednesday 19 November 2025 10:51 AM IST

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. തമിഴ്‌നാട് രാമേശ്വരത്താണ് സംഭവം. ചേരൻകോട്ട സ്വദേശിനി ശാലിനി ആണ് കൊല്ലപ്പെട്ടത്. ഇന്നുരാവിലെ സ്‌കൂളിലേയ്ക്ക് പോകുന്ന വഴിയായിരുന്നു കൊലപാതകം. സംഭവത്തിൽ മുനിരാജ് എന്ന യുവാവ് അറസ്റ്റിലായി.

മുനിരാജ് ഏറെ നാളുകളായി ശാലിനിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. കഴിഞ്ഞദിവസം വീണ്ടും ശല്യം ചെയ്തപ്പോൾ വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ശാലിനിയുടെ പിതാവ് മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നൽകി.

ഇന്നുരാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് പോകുംവഴി മുനിരാജ് വഴിയരികിൽ കാത്തുനിൽക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. സംസാരിക്കാൻ താത്‌പര്യമില്ലെന്നുപറഞ്ഞ് മുന്നോട്ടു പോകുന്നതിനിടെ ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് പെൺകുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നെഞ്ചിലും കുത്തേറ്റു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ശാലിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.