ലോഡ്‌ജിൽ അനാശാസ്യം; പിടിയിലായവരെ പൊലീസ് ഉപദേശിച്ചുവിട്ടു, നടത്തിപ്പുകാരനും ഭാര്യയ്‌ക്കുമെതിരെ കേസ്

Wednesday 19 November 2025 10:53 AM IST

ചെറുവത്തൂർ: ലോഡ്‌ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കാസ‌ർകോട് ചെറുവത്തൂരിലാണ് സംഭവം. ലോഡ്‌ജിൽ നടന്ന പരിശോധനയിൽ നാല് യുവതികളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഇവരെ പൊലീസ് ഉപദേശിച്ച് വിട്ടു. ലോഡ്‌ജ് നടത്തിപ്പുകാരനായ ചെറുവത്തൂരിലെ മുഹമ്മദ് അസിനാർ (47), ഭാര്യ നസീമ (47) എന്നിവർക്കെതിരെ അസാൻമാർഗിക പ്രവർത്തനത്തിന് ചന്തേര പൊലീസ് കേസെടുത്തു.

പഴയ ദേശീയപാതയോരത്തെ മലബാർ ലോഡ്‌ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവ‌ർത്തനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി പരിശോധന നടത്തിയത്. ചന്തേര പൊലീസ് ഇൻസ്‌പെക്‌ടർ കെ പ്രശാന്തിന്റെ പരാതിയിലാണ് ലോഡ്‌ജ് ഉടമയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസെടുത്തത്.

കഴിഞ്ഞ വർഷം പൊലീസ് നടത്തിയ പരിശോധനയിൽ മറുനാട്ടുകാരിയായ യുവതി ലോഡ്‌ജിൽ നിന്ന് താഴേക്ക് ചാടിയിരുന്നു. ഗുരുതരവായി പരിക്കേറ്റ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ അന്ന് ചികിത്സ തേടിയിരുന്നു.