ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Wednesday 19 November 2025 11:25 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ ഒരാൾ ശ്രീകാകുളം സ്വദേശി ശങ്കർ (മെതുരി ജോഖ റാവു) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആന്ധ്ര - ഒഡീഷ അതിർത്തി മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ആയുധ നിർമ്മാണം അടക്കമുള്ളവയിൽ ഇയാൾ വൈദഗ്ദ്ധ്യം നേടിയിരുന്നുവെന്നാണ് വിവരം.

ഇന്നലെ നടത്തിയ ഏറ്റുമുട്ടലിൽ സർക്കാർ 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മ എന്ന സന്തോഷിനെ (44) സുരക്ഷാസേന വധിച്ചിരുന്നു. സാധാരണക്കാർക്കും സുരക്ഷാസേനയ്ക്കുമെതിരായ 26 ആക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് ഹിദ്മയാണ്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സി ആർ പി എഫ് ജവാൻമാരായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഹിദ്മയുടെ ഭാര്യയും മാവോയിസ്റ്റ് മൊബൈൽ പൊളിറ്റിക്കൽ സ്‌കൂൾ മേധാവിയുമായ മദകം രാജെ അടക്കം അഞ്ചുപേരെയും സുരക്ഷാസേന വധിച്ചിരുന്നു. ഇതിനുപിന്നാലെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏഴ് മാവോയിസ്റ്റുകളെ ഇന്ന് വധിച്ചത്.

വിവിധ ജില്ലകളിൽ നിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണിതെന്നും അധികൃതർ‌ അറിയിച്ചു. അടുത്ത മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.