ട്രംപും മസ്കും വീണ്ടും 'ഭായി' 'ഭായി', വൈറ്റ് ഹൗസിലെ അത്താഴവിരുന്നിൽ സംഭവിച്ചത്!
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്കും പിണക്കം മറന്ന് വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചന. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇന്നലെ വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു പഴയ ഉറ്റസുഹൃത്തുക്കളായ ഇരുവരും പങ്കെടുത്തത്.
ഈ വർഷം തുടക്കത്തിലായിരുന്നു ഇവർ തമ്മിൽ അടിച്ചുപിരിഞ്ഞത്. അതിനുശേഷം രണ്ടാം തവണയാണ് ഇരുവരും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. അമേരിക്കൻ വലതുപക്ഷ യാഥാസ്ഥിതികനായ ചാർലി കിർക്കിന്റെ ശവസംസ്കാരചടങ്ങിൽ ഇതിന് മുമ്പ് ഇരുവരും പങ്കെടുത്തിരുന്നു. ഇപ്പോൾ ട്രംപ് ഒരുക്കിയ അത്താഴവിരുന്നിലെ ദൃശ്യങ്ങൾ വൻതോതിൽ ചർച്ചാവിഷയമായിട്ടുണ്ട്. അമേരിക്കയിൽ ട്രംപിനെ പ്രസിഡന്റാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് എലോൺ മസ്ക്.
അധികാരത്തിലേറിയതിനു പിന്നാലെ യുഎസ് സർക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന പുതിയൊരു വിഭാഗത്തിന് ട്രംപ് രൂപംകൊടുത്തു. മസ്കിന്റെ തലയിൽ നിന്ന് രൂപം കൊണ്ട ഇതിന്റെ ചുമതല മസ്കിനെ തന്നെ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി' ന്റെ പേരിൽ ഇരുവരും തെറ്റുകയും മസ്ക് വകുപ്പ് ചുമതലയിൽനിന്ന് ഒഴിയുകയും ചെയ്തു. എലോൺ മസ്ക് പുതിയ പാർട്ടി രൂപികരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്ന് ട്രംപും മസ്കും വീണ്ടും ഒന്നിച്ചോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
അതേസമയം സൗദി ഭരണാധികാരിയുടെ ആഗോള പ്രതിച്ഛായ പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. അത്താഴവിരുന്നിൽ പോർച്ചുഗലിന്റെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, എൻവിഡിയ സിഇഒ ജെൻസൺ ഹുവാംഗ് എന്നിവരും പങ്കെടുത്തു.