വഴിപാടുകളിൽ മുഖ്യം പായസം, എള്ളുപായസം സമർപ്പിക്കുന്നത് ഈ ക്ഷേത്രങ്ങളിൽ മാത്രം
ഏതൊരു പുതിയ തുടക്കത്തിനും മനസിലെ വിഷമതകൾ മാറ്റാനും ക്ഷേത്രങ്ങളിൽ പോയി ഇഷ്ടദേവന്റെ ദർശനം നേടുന്നത് ഹൈന്ദവ വിശ്വാസികൾക്ക് പുണ്യമാണ്. ക്ഷേത്രങ്ങളിലെ ശാന്തിയും സമാധാനവും തേടിയാണ് നാം ദർശനം നടത്തുന്നത്. ആഗ്രഹസാഫല്യത്തിനായി ക്ഷേത്രങ്ങളിൽ പലതരം വഴിപാടുകളും പൂജകളുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭഗവാനോ ഭഗവതിക്കോ നിവേദ്യമായി സമർപ്പിക്കുന്ന പായസം വഴിപാട്.
ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഓരോ ക്ഷേത്രങ്ങളിലും സമർപ്പിക്കുന്ന നേദ്യങ്ങളും വ്യത്യസ്തമാണ്. പഴനിയിലെ പഞ്ചാമൃതം, കൊട്ടാരക്കരയിലെ ഉണ്ണിയപ്പം, അമ്പലപുഴയിലെ പാൽപായസം ഇവയെല്ലാം വളരെ പ്രസിദ്ധമായതും അവിടെ മാത്രം ലഭിക്കുന്നതുമാണ്. കൂടാതെ പാൽപായസം, എള്ളുപായസം, കടുംപായസം എന്നിങ്ങനെ പലതരത്തിലുള്ള പായസങ്ങളും ക്ഷേത്രങ്ങളിൽ വഴിപാടായി നടത്താം. ധനധാന്യ വർദ്ധനയ്ക്കായും രോഗദുരിത ശാന്തിക്കായുമാണ് അമ്പലപുഴ പാൽപായസ വഴിപാട് കഴിപ്പിക്കുന്നത്. കൃഷ്ണന്റെയും വിഷ്ണുഭഗവാന്റെയും ക്ഷേത്രത്തിൽ പാൽപായസമാണ് പ്രധാനം. ശാസ്താ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന വഴിപാടാണ് എള്ളുപായസം. ശനിയുടെ ദോഷം അകറ്റാനാണ് എള്ളുപായസം വഴിപാടായി കഴിപ്പിക്കുന്നത്.
കടുത്ത മധുരമുള്ള കടുംപായസമാണ് ദേവി ക്ഷേത്രങ്ങളിൽ പ്രധാനം. ഉണക്കലരി, ശർക്കര,നെയ്യ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ദീർഘകാലം കേടാവാതെ ഇരിക്കുമെന്നതാണ് ഈ പായസത്തിന്റെ ഗുണം. മിക്ക ക്ഷേത്രങ്ങളിലെയും പ്രധാന വഴിപാടാണ് ചതുശ്ശതം എന്ന ഇടിച്ചു പിഴിഞ്ഞ പായസം. 104 നാഴി അരി, 104 തേങ്ങ, 104 കലം ശർക്കര, 104 തുടം നെയ്യ്, 104 കദളിപ്പഴം എന്നിവ ചേർത്താണ് ചതുശ്ശതം പായസം തയ്യാറാക്കുന്നത്. ക്ഷേത്രദർശനം കഴിഞ്ഞു പ്രസാദമായി വാഴയിലയിൽ ലഭിക്കുന്ന പായസം ഭക്തന്റെ വയറും മനസ്സും നിറയ്ക്കുകയും ചെയ്യുന്നു.