തീർത്ഥാടകർ വെള്ളത്തിലിറങ്ങുമ്പോൾ സൂക്ഷിക്കണം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ മുന്നറിയിപ്പുമായി കർണാടക

Wednesday 19 November 2025 2:42 PM IST

ബംഗളൂരു: കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടകർക്ക് അടിയന്തര നിർദേശവുമായി കർണാടക സർക്കാർ. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചുപിടിക്കണമെന്നുമാണ് നിർദേശം.

മലിനമായ ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്‌തി‌ഷ്‌ക ജ്വരത്തിന്റെ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും കർണാടക സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കൂടാതെ കർണാടകയിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡല - മകരവിളക്ക് കാലയളവിൽ പ്രത്യേക നികുതി ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനും സംഘടന കത്തയച്ചു. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കേരളത്തിലേക്ക് വരുന്ന കർണാടകയിലെ ടാക്‌സി വാഹനങ്ങൾക്ക് ഇളവ് നൽകണമെന്നാണ് ആവശ്യം.