റീൽസും വ്ളോഗും പ്രചാരത്തിലില്ലാതിരുന്ന കാലം; ഇന്ത്യയുടെ ആദ്യകാല ട്രാവൽ ഇൻഫ്ളുവൻസർ ധർമേന്ദ്രയുടെ മരുമകൾ
ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് വ്ളോഗ് തുടങ്ങിയവ പ്രചാരത്തിലില്ലാതിരുന്ന കാലത്തുതന്നെ ഇന്ത്യയിൽ ട്രാവൽ വ്ളോഗറായി പേരുകേട്ടയാളുണ്ട്. വിഖ്യാത ബോളിവുഡ് നടൻ ധർമേന്ദ്രയുടെ മരുമകളായ ദീപ്‌തി ഭട്ട്‌നഗർ. ധർമേന്ദ്രയുടെ കസിനായ വീരേന്ദ്രയുടെ മകൻ രൺധീപ് ആര്യയുടെ ഭാര്യയാണ് ദീപ്‌തി.
2000ൽ ദീപ്‌തിയും രൺധീപും ചേർന്ന് ദീപ്‌തി ഭട്ട്‌നഗർ പ്രൊഡക്ഷൻ കമ്പനി എന്ന പേരിൽ ഒരു നിർമാണക്കമ്പനി ആരംഭിച്ചു. തുടർന്ന് സ്റ്റാർ പ്ളസിൽ യാത്ര, മുസാഫിർ ഹൂൻ യാരോം എന്ന പേരിൽ രണ്ട് ഷോകൾ ആരംഭിച്ചു. ഇന്ത്യൻ ടെലിവിഷൻ ഇതുവരെ കാണാത്ത പരിപാടികളായിരുന്നു ഇത്.
ഇന്ത്യയുടെ ആദ്യകാലത്തേതും ഏറ്റവും ജനപ്രീതി നേടിയതുമായ അന്താരാഷ്ട്ര യാത്രാ പരമ്പരയായി മുസാഫിർ ഹൂൻ യാരോം മാറി. എട്ടുവർഷത്തിനിടെ 170 എപ്പിസോഡുകളിലായി 90 രാജ്യങ്ങളെയാണ് പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പാരീസ്, ലണ്ടൻ, ദുബായ്, റോം തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ദീപ്‌തി പരിപാടിയുടെ അവതാരക മാത്രമായിരുന്നില്ല, മറിച്ച് പരിപാടിയുടെ ആത്മാവ് തന്നെയായിരുന്നു.
ട്രാവൽ ഷോ നടക്കുന്ന കാലത്തുതന്നെ ദീപ്‌തി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മിക്കപ്പോഴും രണ്ട് മക്കളും യാത്രകളിൽ ദീപ്‌തിയുടെ ഒപ്പമുണ്ടാകാറുണ്ടായിരുന്നു. അതിനാൽതന്നെ ഇന്ത്യയിൽ ഫാമിലി വ്ളോഗ് പ്രചാരത്തിലാകുന്നതിന് മുൻപുതന്നെ ദീപ്‌തി അത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിലാണ് ദീപ്‌തി ജനിച്ചത്. മുംബയിലേക്ക് താമസം മാറിയ ശേഷം കരകൗശല ബിസിനസ് നടത്തിയിരുന്നു. 18 വയസ് മാത്രമുണ്ടായിരുന്നപ്പോൾ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് പ്രമുഖ പരസ്യ ക്യാമ്പെയ്‌നുകളിലേക്കും സിനിമകളിലേക്കും വഴിതുറന്നു. 1995ൽ രാം ശാസ്ത്രയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ച. തുടർന്ന് പെല്ലി സന്ദദി (1996), ധർമ്മ ചക്രം (1997), ഹോളിവുഡ് ത്രില്ലർ ഇൻഫെർണോ (1997) എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.