മണിക്കൂറിന് 500 രൂപ കൊടുക്കണം; ഇവിടെ എത്തിയാൽ കാർ യാത്ര സ്വപ്നം മാത്രം, സഞ്ചാരികൾ നോക്കിവച്ചോ
കാലം മാറുന്നതിനനുസരിച്ച് സാങ്കേതികവിദ്യയിൽ വലിയ തരത്തിലുളള വികസനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെയുളള നഗരങ്ങളും പല കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. അതിനാൽത്തന്നെ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരതാമസമാക്കാനും വിനോദസഞ്ചാരത്തിനായി എത്താനും ഒട്ടുമിക്കവരും ഇഷ്ടപ്പെടുന്നുണ്ട്.
എന്നാൽ അമേരിക്കയിലെ ചെറിയ പട്ടണമായ കുൽഡെസാക്കിലെ ജനജീവിതം കുറച്ച് വ്യത്യസ്തമാണ്. അമേരിക്കയിൽ പൂർണമായും കാർ നിരോധനമേർപ്പെടുത്തിയ നഗരങ്ങളിലൊന്നായി കുൽഡെസാക് മാറി കഴിഞ്ഞു. ഈ നഗരത്തിലെ പ്രധാന വഴികളിൽ ട്രാഫിക് സിഗ്നലുകൾ, സ്റ്റോപ്പ്ലൈറ്റുകൾ എന്നിവയ്ക്ക് പകരം ഭക്ഷണശാലകൾ, ആശുപത്രികൾ, പാർക്കുകൾ, പൂളുകൾ, ജിം തുടങ്ങിയവ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. അതായത് ഇവിടെയുളള ആളുകൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നടക്കുകയാണ് ചെയ്യുന്നത്.
പ്രകൃതിസൗഹാർദപരമായ ജീവിതം തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഇത്തരത്തിലൊരു കാര്യം ചെയ്തത്. നഗരത്തിലുളളവർക്ക് ബൈക്കുകൾ ഉപയോഗിക്കാം. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറിൽ അഞ്ച് ഡോളർ (ഏകദേശം 500 രൂപ) നൽകി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാം. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് സമീപിക്കുന്ന സ്ഥാപനങ്ങളെല്ലാം നഗരത്തിൽ അതുത്തടുത്തായാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുളള നിബന്ധനകൾ അനുസരിക്കാൻ എല്ലാ നഗരവാസികളും ബാദ്ധ്യസ്ഥരാണ്. ഇല്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
നഗരത്തിലുളളവർ കൂടുതലും ഉപയോഗിക്കുന്നത് സൈക്കിളുകളാണ്. ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇത്തരത്തിലുളള നഗരങ്ങളിൽ ജീവിക്കുന്നവർക്ക് സന്തോഷമുണ്ടാകുമെന്നും ഒറ്റപ്പെടൽ കുറയുമെന്നും, മികച്ച ആരോഗ്യം ഉണ്ടാകുമെന്നുമാണ്. ഇത്തരത്തിലുളള നഗരങ്ങളിൽ ചെലവ് കുറച്ച് താമസിക്കാമെന്നാണ് കുൽഡെസാക്ക് നിവാസി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അയൽവാസികളുമായുളള സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.