പ്രമേഹ രോഗികൾക്കും പഴങ്ങൾ കഴിക്കാം; ആഹാരം ശ്രദ്ധിച്ചാൽ രോഗം നിയന്ത്രിക്കാം
പ്രമേഹ ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ് ഭക്ഷണക്രമം. നന്നായി ആസൂത്രണം ചെയ്ത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കുള്ള സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, മാനസികാരോഗ്യം എന്നിവ പ്രമേഹ നിയന്ത്രണത്തില്‍ അത്യാവശ്യമാണ്. പ്രായം, ശരീരഭാരം, ജോലി, അദ്ധ്വാനം, കഴിക്കുന്ന മരുന്നുകള്‍, ഇന്‍സുലിന്‍ എന്നിവ അനുസരിച്ചാണ് ഓരോരുത്തര്‍ക്കും വേണ്ട ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തിരഞ്ഞെടുക്കണം. പ്രമേഹരോഗിക്ക് ഭക്ഷണത്തില്‍ ഊര്‍ജ്ജത്തിന്റെ നിയന്ത്രണം അത്യാവശ്യമാണ്. കൂടുതല്‍ അളവില്‍ ഭക്ഷണം മൂന്നുനേരമായി കഴിക്കാതെ ചെറിയ അളവില്‍ അഞ്ചോ, ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ അളവ്, ഗ്ലൈസീമിക് ഇന്‍ഡക്‌സ്, പോഷകങ്ങളുടെ അളവ്, കഴിക്കുന്ന സമയം, ആഹാരം പാചകം ചെയ്ത രീതി തുടങ്ങിയ പല ഘടകങ്ങളും പഞ്ചസാരയുടെ നിലയെ ബാധിക്കും.
സംസ്‌കരിച്ചെടുത്ത ധാന്യങ്ങള്‍ക്ക് പകരം തവിടുകളയാത്ത അരി, മുഴുവന്‍ ഗോതമ്പ്, റാഗി, തിന, ഓട്‌സ് (Rolled), ക്യുനോവ, മറ്റു മില്ലറ്റുകള്‍ എന്നിവ ഉപയോഗിക്കാം. ധാന്യങ്ങള്‍ ഏതുപയോഗിച്ചാലും അളവ് നിയന്ത്രിക്കണം. ഇലക്കറികള്‍ (ചീര, മുരിങ്ങയില, ഉലുവയിലെ) എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കിഴങ്ങ് വര്‍ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്, അതിനാല്‍ ഉപയോഗം നിയന്ത്രിക്കണം. വിറ്റാമിനുകള്‍, നാരുകള്‍, ജീവകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ (വാഴപ്പിണ്ടി, വാഴക്കൂമ്പ്, വെള്ളരിക്ക, തക്കാളി, കോവയ്ക്ക, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികള്‍) ദിവസേന ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
കൊഴുപ്പ് കൂടിയ ഇറച്ചികള്‍ (ബീഫ്, മട്ടന്‍, പോര്‍ക്ക്) എന്നിവയ്ക്ക് പകരം മത്സ്യം, കോഴിയിറച്ചി, മുട്ട, കൊഴുപ്പ് നീക്കിയ പാല്‍ എന്നിവ ഉള്‍പ്പെടുത്താം. കറികള്‍ തയ്യാറാക്കുമ്പോള്‍ എണ്ണയില്‍ വറക്കുന്നതിന് പകരം ആവിയില്‍ വേവിക്കുകയോ, തിളപ്പിച്ചെടുക്കുകയോ ചെയ്യുക. എണ്ണ, തേങ്ങ, ഉപ്പ് എന്നിവ കുറച്ചു വേണം പാചകം ചെയ്യാന്‍. സുരക്ഷിതമായ എണ്ണയുടെ കാര്യം പറയുമ്പോള്‍ ഏത് എണ്ണ എന്നതിനേക്കാള്‍ പ്രധാനം എത്ര അളവ് ദിവസേന ഉള്‍പ്പെടുത്തുന്നു എന്നതാണ്.
ഒരു ദിവസം ഉപയോഗിക്കുന്ന എണ്ണയുടെ അളവ് രണ്ട് - മൂന്ന് ടീസ്പൂണ്‍ മതിയാകും. തവിടെണ്ണ, ഒലിവ് ഓയില്‍, നിലക്കടല എണ്ണ, കടുകെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയ പലതരം എണ്ണകള്‍ ഉപയോഗിക്കാം. എന്നാല്‍ പാംഓയില്‍, ഹൈഡ്രജിനേറ്റഡ് എണ്ണകളായ വനസ്പതി, ഡാല്‍ഡ തുടങ്ങിയവ ഒഴിവാക്കണം. എണ്ണ വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കുക.
പ്രമേഹരോഗികള്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവുള്ള പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ആപ്പിള്‍, പേരയ്ക്ക, പപ്പായ, ഓറഞ്ച്, മുസംബി, നെല്ലിക്ക, കിവി, പിയര്‍, ചെറി, ബെറി, പ്ലം, ചാമ്പക്ക, ലൗലോലിക്ക എന്നിവ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു പച്ചക്കറി സാലഡ് നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാരയ്ക്ക് പകരം തേന്‍, ശര്‍ക്കര എന്നിവ ഉപയോഗിക്കുന്നത് നല്ലതല്ല. തേന്‍, ശര്‍ക്കര എന്നിവ മധുരത്തിന്റെ സ്രോതസ്സുകള്‍ ആണ്. ഇതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി പ്രമേഹത്തിന്റെ സ്ഥിതി കൂട്ടും.
ആഹാര ക്രമീകരണം പോലെ തന്നെ ഡയബറ്റിസ് ഉള്ള ആളിന് വ്യായാമം നിര്‍ബന്ധമാണ്. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവയ്ക്കണം. നടത്തം, യോഗ, സൈക്ലിംഗ് എന്നിങ്ങനെ ഏതുമാവാം. മദ്യപാനം, പുകവലി ഒഴിവാക്കുക. മാനസികാരോഗ്യം സംരക്ഷിക്കുക.
Preethi R Nair Chief Clinical Nutritionist SUT Hospital, Pattom