രണ്ടുപേരെ വിവാഹം കഴിച്ചു, ഒരു വർഷം ഭാര്യമാർ ഒന്നുമറിഞ്ഞില്ല; ഒറ്റ ഫോൺകോളിൽ രാഹുലിന്റെ കള്ളിവെളിച്ചത്ത്
ലക്‌നൗ: ഒരു മാസത്തിനിടെ രണ്ട് വിവാഹം കഴിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഡെലിവറി ബോയിയാണ് രണ്ടുപേരെ വിവാഹം ചെയ്തത്. ഒരൊറ്റ ഫോൺകോളിലൂടെയാണ് ഇയാളുടെ കള്ളത്തരങ്ങളെല്ലാം പുറത്തായത്. ഇതോടെ വഞ്ചിച്ചെന്ന് കാണിച്ച് ഭാര്യമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രാഹുൽ എന്നറിയപ്പെടുന്ന രാമകൃഷ്ണ ദുബേയ് ആണ് രണ്ട് വിവാഹം കഴിച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം നവംബറിൽ ഖുശ്ബു എന്ന യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. ഇതുകഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ശിവാംഗി എന്ന യുവതിയേയും വിവാഹം കഴിച്ചു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
രണ്ട് ഭാര്യമാർക്കും സംശയമൊന്നും തോന്നാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. ഒരു ദിവസം ഉച്ചകഴിഞ്ഞ് ഖുശ്ബു ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ശിവാംഗിയായിരുന്നു ഫോണെടുത്തത്. ഭാര്യയാണെന്ന് ശിവാംഗി അറിഞ്ഞില്ല. ഇനി തന്റെ ഭർത്താവിനെ വിളിക്കരുതെന്ന് ശിവാംഗി പറഞ്ഞു. കേട്ടപ്പോൾ ഞെട്ടിയെങ്കിലും താൻ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് ഖുഷ്ബു തിരിച്ചടിച്ചു. തുടർന്ന് യുവതി വിവാഹ ചിത്രങ്ങൾ അയച്ചുകൊടുത്തു.
രാഹുലിനോട് ചോദിച്ചപ്പോൾ എല്ലാം ഏറ്റുപറയുകയും ചെയ്തു. വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് താൻ ശിവാംഗിയെ വിവാഹം കഴിച്ചതെന്ന് യുവാവ് പറഞ്ഞു. രണ്ട് സ്ത്രീകളും കൂടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അടുത്തിടെയാണ് ഖുശ്ബു കുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ സ്വീകരിക്കാൻ വിസമ്മതിച്ചെന്നും യുവതി ആരോപിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്ത്രീകളും ഒന്നിച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.