വീട്ടിൽ വലിയ സംഭവം നടന്നെന്നുപറഞ്ഞ് നാട്ടുകാരെ വിളിച്ചുകൊണ്ടുവന്നു; തുണിയിൽ പൊതിഞ്ഞത് കണ്ട് ഞെട്ടി, അറസ്റ്റ്

Wednesday 19 November 2025 4:19 PM IST

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ഏറാമ്പ്ര സ്വദേശി സിജോ ആണ് കൊല്ലപ്പെട്ടത്. ഫ്രാൻസിസ് എന്നയാളാണ് അറസ്റ്റിലായത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ഫ്രാൻസിസ് പിക്കാസുകൊണ്ട് സിജോയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് ഫ്രാൻസിസ് തന്നെയാണ് നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് സിജോയുടെ മൃതദേഹം കാട്ടിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.