നയൻതാരയ്ക്ക് പത്തുകോടിയുടെ റോൾസ് റോയ്സ് സമ്മാനിച്ച് വിഘ്‌നേഷ്
ഡിയർ സ്റ്റുഡന്റ്സിൽ പൊലീസായി നയൻതാര
തെന്നിന്ത്യൻ താര റാണി നയൻതാരയ്ക്ക് 41-ാം പിറന്നാൾ ദിനത്തിൽ പത്തുകോടി രൂപ വിലവരുന്ന റോൾസ് റോയ്സ് ബ്ളാക് ബാഡ്ജ് സ്പെക്ടർ സമ്മാനമായി നൽകി ഭർത്താവ് വിഘ്‌നേഷ് ശിവൻ. വിചാരിച്ച പോലെയുള്ള ജീവിതം. എന്റെ ഉയിരിന് ജന്മദിനാശംസകൾ. നീ പിറന്ന ദിനം. ഒരു വരം. നിന്നെ ഭ്രാന്തമായും അഗാധമായും സ്നേഹിക്കുന്ന എന്റെ അഴകി ലവ് യൂ. ... വിഘ്‌നേഷ് ശിവൻ കുറിച്ചു. മക്കളായ ഉയിരിനും ഉലകിനും ഒപ്പം നിൽക്കുന്ന വിഘ്‌നേഷിനെയും നയൻതാരയെയും ചിത്രങ്ങളിൽ കാണാം. അതേസമയം നയൻതാരയുടെ ജന്മദിനത്തിൽ ആശംസയുമായി പുതിയ പോസ്റ്റർ പങ്കുവച്ച് ഡിയർ സ്റ്റുഡന്റ്സ് ടീം. നയൻതാര അവതരിപ്പിക്കുന്ന വിദ്യ രുദ്രൻ എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് പങ്കുവച്ചത്. പൊലീസ് കഥാപാത്രമാണ് നയൻതാരയ്ക്ക്. നിവിൻ പോളിയും നയൻതാരയും ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്നു. ഹരി എന്ന് കഥാപാത്രമായി അതിഥി വേഷത്തിൽ നിവിൻ പോളി എത്തുന്നു.സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം സമ്പൂർണ്ണ ഫൺ എന്റർടെയ്നറാണ്.
അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ,
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് നിർമ്മാണം. പി. ആർ. ഒ ശബരി.